മുച്ചൂർക്കാവിലെ അക്രമിസംഘത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന്
1478050
Sunday, November 10, 2024 7:32 AM IST
മുച്ചൂർ: മുച്ചൂർക്കാവിൽ ജനജീവിതത്തിന് ഭീഷണിയായ അക്രമിസംഘത്തെ അമർച്ച ചെയ്യുന്നതിന് പോലീസ് ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്ന് സർവകക്ഷി യോഗത്തിൽ വിമർശനം. അക്രമികൾക്കെതിരേ നിസാര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിനാൽ അറസ്റ്റിലായാലും ഇവർ ഉടൻ പുറത്തിറങ്ങി വീണ്ടും അക്രമ സംഭവങ്ങൾ നടത്തുന്നു.
മുച്ചൂർക്കാവിലെ ഉൾറോഡുകളിലും ചാണിയിൽ പാലം എന്നിവടങ്ങളിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തി ലഹരി ഉപയോഗത്തിനെതിരേയും നടപടി കർശനമാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
ക്രിമിനൽ സംഘങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരിലൊരാളെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ക്രിമിനൽ സംഘത്തിനു വീട്ടിൽ താമസമൊരുക്കിയ വീട്ടമ്മ കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീയെ കല്ലിനിടിച്ചു പരിക്കേൽപ്പിച്ചിരുന്നു. പ്രദേശത്തെ സാധാരണ ജീവിതം ഉറപ്പാക്കാൻ ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ ജാഗ്രതാ സമിതിയും രൂപീകരിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വൈക്കം എസ് ഐ എം. ജയകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, ജി. വീണ തുടങ്ങിയവർ സംബന്ധിച്ചു.