പാലാ റിവര്‍വ്യൂ റോഡ്: സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ജില്ലാ കളക്ടറുടെ ഉത്തരവ്
1477937
Sunday, November 10, 2024 5:48 AM IST
പാലാ: പാലാ റിവര്‍വ്യൂറോഡ് കൊട്ടാരമറ്റത്തേക്കു നീട്ടുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിക്കാനുള്ള ഭാഗം അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്കി ഏറ്റെടുക്കാനാവശ്യമായ നടപടിക്കു ജില്ലാ കളക്ടറുടെ ഉത്തരവ്. പഴയ റിവര്‍വ്യൂ റോഡ് അവസാനിക്കുന്ന മുനിസിപ്പല്‍ ലൈബ്രറിക്കു സമീപം കോമളം ഹോട്ടലും 2.47 സെന്റ് സ്ഥലവുമാണ് റിവര്‍വ്യൂ റോഡ് പൂര്‍ത്തീകരിക്കാനായി ഹോട്ടല്‍ ഉടമ എസ്. പ്രകാശിനു നഷ്ടപരിഹാരവും പുനരധിവാസനടപടികളും പൂര്‍ത്തിയാക്കി ഏറ്റെടുക്കാന്‍ കളക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള നിയമം-2013 ആക്ടിനു വിധേയമായാണ് ഹോട്ടല്‍ ഉടമയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും നടപടിയായിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിയോഗിച്ച സാമൂഹികാഘാത പഠന വിദഗ്ധ സമിതിയുടെ വിലയിരുത്തലും റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോട്ടലുടമയുടെയും കുടുംബത്തിന്റെയും ഏക വരുമാനമാര്‍ഗമാണ് ഈ ഹോട്ടല്‍. ഇവര്‍ക്കു വേറെ ഭൂമിയില്ല. വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഉചിതമായ നഷ്ടപരിഹാരം മുന്‍കൂറായി നല്കിയാല് ഭൂമിവിട്ടുകൊടുക്കാന്‍ തയാറാണന്നും സമിതിയെ ഇവര്‍ അറിയിച്ചിരുന്നു.
ഇവരുടെ വരുമാന മാര്‍ഗവും ഉപജീവനവും പൂര്‍ണമായ നഷ്ടമാവുകയും മുതിര്‍ന്ന പൗരന്മാരായ ഇവര്‍ ഭൂരഹിതരായി തീരുകയും ചെയ്യുന്നതു കണക്കിലെടുത്ത് നഷ്ടപരിഹാരത്തുക സ്ഥലത്തിന്റെ വ്യാവസായിക പ്രാധാന്യം കണക്കിലെടുത്തു മുന്‍കൂറായി നല്‍കുന്നതിനൊപ്പം ഇവരുടെ നിലവിലെ സൗകര്യങ്ങളില്‍ കുറവ് വരാതെയുള്ള പുനരധിവാസ നടപടികളും സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണന്നും സാമൂഹികാഘാത പഠന വിദഗ്ധസമിതി ശിപാര്‍ശ ചെയ്തു.
ഇതോടൊപ്പം ഹോട്ടലില്‍ ആറു വര്‍ഷത്തിലധികമായി ഉപജീവനം കഴിക്കുന്ന ജയറാം എന്നയാളും ഹോട്ടല്‍ ഏറ്റെടുക്കുന്നതിലൂടെ ആഘാതബാധിതനാവുമെന്നും ഇദ്ദേഹത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിനും മറ്റു ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി എല്‍എആര്‍ആര്‍ 2013 നിയമപ്രകാരം പാലാ എല്‍ എ (ജനറല്‍) സ്പെഷല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയാതായും ഉത്തരവില്‍ പറയുന്നു.