ഓട്ടോറിക്ഷയിൽനിന്നു മോഷണം നടത്തിയയാൾ അറസ്റ്റിൽ
1477936
Sunday, November 10, 2024 5:48 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവ. ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽനിന്നു പണവും തിരിച്ചറിയൽ രേഖകളും മോഷ്ടിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. തിരുവല്ല കുറിയന്നൂർ കോള ഭാഗത്ത് കൈപ്പുഴശേരിൽ ഷാജൻ ചാക്കോ(48)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നിന് ഗവ. ആശുപത്രിക്കു സമീപം പാർക്ക് ചെയ്തിരുന്ന ഏറ്റുമാനൂർ സ്വദേശിയുടെ ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് 25,000 രൂപയും പാസ്ബുക്കും ആധാർ കാർഡും ലൈസൻസും മറ്റു രേഖകളുമാണ് ഇയാൾ മോഷ്ടിച്ചത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ, എസ്ഐമാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എഎസ്ഐ ബിന്ദു, സാബു, ഡെന്നി പി. ജോയ്, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.