പാര്‍ലമെന്റിൽ റബര്പ്രശ്നങ്ങള് ഉന്നയിക്കണം : കേരളത്തിലെ എംപിമാര്‍ ചുമതല മറക്കുന്നുവോ?
1477922
Sunday, November 10, 2024 5:38 AM IST
കോട്ടയം: റബര്‍വില കുത്തനെ ഇടിയുകയും ഇറക്കുമതി അനിയന്ത്രിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബര്‍ വാണിജ്യനയത്തില്‍ കാലോചിതമായ പൊഴിച്ചെഴുത്ത് വേണമെന്ന നിലപാട് കേന്ദ്രത്തില്‍ ഉയര്‍ത്തുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ക്ക് ഗുരുതര വീഴ്ച.
ഒറ്റപ്പെട്ട പ്രസ്താവനകളിറക്കിയും പ്രസംഗിച്ചും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന എംപിമാര്‍ പ്രശ്നത്തിന്റെ ഗൗരവവും ചെറുകിട കര്‍ഷകര്‍ നേരിടുന്ന ദുരവസ്ഥയും പാര്‍ലമെന്റിലും വാണിജ്യമന്ത്രാലയത്തിലും ഉയര്‍ത്തണമെന്നാണ് പൊതു ആവശ്യം.
മൂന്നു പതിറ്റാണ്ടുമുന്‍പ് ആവിഷ്കരിച്ച ഉദാരവത്കരണ സാമ്പത്തിക നയവും വ്യാപാര വാണിജ്യ കരാറുകളും പുതുക്കുകയോ പൊളിച്ചെഴുതുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സമ്മര്‍ദം എംപിമാര്‍ ഉയര്‍ത്തണം. റബര്‍ ഇറക്കുമതി തീരുവ 25 രൂപ എന്ന പഴയ മാനദണ്ഡത്തില്നിന്നും 30 രൂപയായി ഉയര്‍ത്തുക, കോമ്പൗണ്ട് റബറിന് തീരുവ പത്ത് ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കുക തുടങ്ങിയ നടപടിയുണ്ടാകാതെ ആഭ്യന്തര വില ഉയരില്ല.
ടയര്‍ ഉത്പന്നങ്ങളുടെ സിയോന്‍ (സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് ഔട്ട്പുട്ട് നോംസ്)നിരക്കുകള്‍ കാലോചിതമായി സര്‍ക്കാര്‍ പുതുക്കുന്നില്ലെന്നതാണ് പരിമിതി. വ്യവസായികള്‍ക്കുള്ള പ്രത്യേക അനുകൂല്യമായി തീരുവ ഇല്ലാതെ നിശ്ചിത ശതമാനം റബര്‍ ഇറക്കുമതി ചെയ്യാനുള്ള നിയമത്തിനും പൊളിച്ചെഴുത്തുണ്ടാണം.
ഈ ആനുകൂല്യത്തില്‍ എത്ര അളവില്‍ റബറിന്റെ ഇറക്കുമതി നടക്കുന്നുണ്ടെന്നതില്‍ കേന്ദ്രത്തിനും കണക്കില്ല. കോമ്പൗണ്ട് റബര്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് അഞ്ചു ശതമാനംമുതല്‍ പത്തു ശതമാനംവരെ തീരുവയില്‍ അനിയന്ത്രിതമായി ഇറക്കുമതി നടക്കുന്നു. ഇത് സ്വാഭാവിക റബറിന്റെ നിരക്കായ 25 ശതമാനത്തിലേക്ക് ഉയര്‍ത്തുവാന്‍ തയാറായാല്‍ മാറ്റം വരും. നിലവില്‍ 60 ശതമാനംവരെ ഇറക്കുമതി കോമ്പൗണ്ട് റബറാണ്.
കേരളത്തില്‍ ഉള്‍പ്പെടെ റബറിന്റെ പ്രധാന ഉത്പാദനം നടക്കുന്ന വരുംമാസങ്ങളിലും രണ്ടു ലക്ഷം ടണ്ണോളം റബറിന്റെ ഇറക്കുമതിയുണ്ടാകും. അതിനാല്‍ ഷീറ്റ് റബറിന് വലിയ വിലമെച്ചം പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റബര്‍ ബോര്‍ഡ് റബര്‍ ഉത്പാദനം, കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടുന്നില്ല. ഇക്കാര്യത്തിലും എംപിമാര്‍ മൗനം പുലര്‍ത്തുന്നു.
റബര്‍ വിഷയം ആധികാരികമായി ഏറെ എംപിമാര്‍ക്കും അറിയില്ലെന്നു മാത്രമല്ല കര്‍ഷകരെ കേള്‍ക്കാനും താത്പര്യപ്പെടുന്നില്ല. കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്തു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ച് റബര്‍ പ്രശ്നം അറിയിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ട്.
റബര്‍ ബോര്‍ഡിന്റെ ചുമതലക്കാരായി ഇതര സംസ്ഥാന ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവണതയും തിരിച്ചടിയാണ്. ഇവരേറെയും വ്യവസായികളോ വ്യവസായികളുടെ താത്പര്യക്കാരോ ആണെന്നിരിക്കെ കര്‍ഷകര്‍ക്ക് നേട്ടമൊന്നുമില്ല.