അനാഥാലയത്തില്‍ നിന്ന് അയര്‍ലണ്ടിലേക്ക്
1478493
Tuesday, November 12, 2024 7:04 AM IST
പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്പിച്ച ഗാന്ധിഭവനിലെ അന്തേവാസി ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ കുറ്റപ്പെടുത്തിയവരുടേയും അവഗണിച്ചവരുടേയും മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പിന്നിലുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ചൈതന്യയുടെ അയര്‍ലണ്ട് യാത്ര.
ഇതാദ്യമായിട്ടാണ് ഗാന്ധിഭവനില്‍ നിന്ന് ഒരു കുട്ടി സ്വന്തം കഠിന പരിശ്രമത്തിന്റെ ഫലമായി യൂറോപ്യന്‍ രാജ്യത്തേക്ക് പോകുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്ന് ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന് പറഞ്ഞു. അയര്‍ലണ്ടില്‍ നിന്ന് ആദ്യ അവധിക്ക് എത്തുമ്പോള്‍ ചൈതന്യയുടെ വിവാഹം നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
പുനലൂര്‍ സോമരാജനും ഭാര്യ പ്രസന്നയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു ചൈതന്യയും താമസിച്ചിരുന്നത്. തിരുവനന്തപുരം പാറശാല സ്വദേശിയും ബിഎസ്സി നഴ്സിംഗ് ബിരുദധാരിയുമായ അഖില്‍ എസ്. കമലുമായി ഒക്ടോബര്‍ 28 ന് ചൈതന്യയുടെ വിവാഹനിശ്ചയം ഗാന്ധിഭവനില്‍ നടന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ചൈതന്യയുടെ മാതാപിതാക്കളും സഹോദരങ്ങളും ആലപ്പുഴ മുല്ലയ്ക്കല് വഴിയരികില്‍ കൂരകൂട്ടിയാണ് താമസിച്ചിരുന്നത്. ചൈതന്യയ്ക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മയും ആറു വയസോടെ അച്ഛനും മരിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാതായ കുട്ടികള്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ വീട്ടുജോലികള്‍ ചെയ്ത് അവരുടെ നിര്‍ദേശാനുസരണം ജീവിക്കുകയായിരുന്നു. ദുരിത ജീവിതത്തിനിടയിലും ഇവര്‍ പഠനം ഉപേക്ഷിച്ചില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു.
എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന കുട്ടികളുടെ ദുഃഖം കണ്ട ആലപ്പുഴ സനാതന ധര്‍മ വിദ്യാലയം കൗണ്‍സിലര്‍മാരും സ്കൂള്‍ അധികൃതരും ഇടപെട്ട് 14 വര്‍ഷം മുന്‍പാണ് ചൈതന്യയെയും സഹോദരിമാരേയും ഗാന്ധിഭവനില്‍ എത്തിച്ചത്.പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ചൈതന്യ ജനറല്‍ നഴ്സിംഗും പിന്നീട് പോസ്റ്റ് ബിഎസ്സി നഴ്സിംഗും മികച്ച നിലയില്‍ പാസായി. തുടര്‍ന്ന് കൊല്ലം ഉപാസന നഴ്സിംഗ് കോളജില്‍ ലക്ചറര്‍ ആയി ജോലി ചെയ്യുന്പോഴാണ് വിദേശത്തു പോകാനുള്ള ഒഇടി പരീക്ഷ പാസായത്.