മുനമ്പം സമരം: ഐക്യദാർഢ്യവുമായി കെസിബിസി പ്രൊ ലൈഫ് സമിതി
1479031
Thursday, November 14, 2024 6:27 AM IST
കൊല്ലം: വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിന്റെ അവകാശം നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ കെസിബിസി പ്രൊ ലൈഫ് സമിതി പ്രവർത്തകർ ഇന്നും എത്തും.
വഖഫ് ബോർഡിന്റെ അന്യായ നോട്ടീസിനെതിരേ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 32 ദിവസങ്ങൾ കഴിഞ്ഞിട്ടും ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിയാത്തത് ദു:ഖകരമാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു.
ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, ജോർജ് എഫ്. സേവ്യർ, സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാൻസീസ് ജെ. ആറാടൻ, ഡോ. ഫെലിക്സ്, മോൻസി ജോർജ്, സെക്രട്ടറിമാരായ നോബർട്ട് കക്കാരിയിൽ, ജെസ്ലിൻ ജോ, വിക്ടർ ഇഗ്നേഷ്യസ്, സെമിലി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകും.
സ്വന്തം കിടപ്പാടമുപേക്ഷിച്ച് തെരുവിലിറങ്ങേണ്ടി വരുന്ന ജനതയുടെ മാനസികാവസ്ഥ സർക്കാർ മനസിലാക്കണമെന്നും ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ കെസിബിസി പ്രൊ ലൈഫ് സമിതി ഒന്നടങ്കം സമരസമിതിക്കൊപ്പമുണ്ടാകുമെന്നും പ്രൊ ലൈഫ് സംസ്ഥാന സമിതി വ്യക്തമാക്കി. ഐക്യദാർഢ്യ സമരത്തിന് പിന്തുണ നല്കി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമ്മേളനങ്ങൾ നടത്തുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.