കരുണയുള്ളവർ കൈകോർത്തു; പ്രദീപിന് വീടൊരുങ്ങും
1479030
Thursday, November 14, 2024 6:27 AM IST
കൊട്ടാരക്കര: ഒരു കാൽ പൂർണമായി മുറിച്ചു മാറ്റി കിടപ്പിലായ പ്രദീപിനും വൃദ്ധ മാതാവിനും വീടൊരുങ്ങുന്നു. കരുണയുള്ളവർ കൈകോർത്തതോടെ വീടിന്റെ കല്ലിടീൽ കഴിഞ്ഞ ദിവസം നടന്നു.
കാൻസർ ബാധയെ തുടർന്നാണ് വാളകം പാല കുടി ചരുവിള വീട്ടിൽ പ്രദീപി(28)ന്റെ വലതുകാൽ പൂർണമായി മുറിച്ചു മാറ്റിയത്. കൃത്രിമ കാൽവയ്ക്കുകയും സാധ്യമല്ല. പ്രദീപിനും വിധവയായ അമ്മ ചെല്ലമ്മക്കും സ്വന്തമായി വീടോ വസ്തുവോ ഇല്ല.
മറ്റുള്ളവരുടെ സഹായത്താൽ ടാർപ്പാളിൻ കൊണ്ട് മറച്ച ഒറ്റമുറിയിലാണ് താമസം. ഒരു വരുമാനവുമില്ലാത്തതിനാൽ പട്ടിണിയും കൂടപ്പിറപ്പായി. ഇവരുടെ ദയനീയാവസ്ഥ ആശാ പ്രവർത്തക ആശാ സുലേഖ ജീവകാരുണ്യ പ്രവർത്തകൻ അലക്സ് മാമ്പുഴയെ അറിയിച്ചു.
അലക്സ് മാമ്പുഴ വിവരം തേജസ് ചരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ജെയിംസ് പ്ലാവിള, റോയി തടത്തിൽ, ജോയി ചരുവിള, ബീന മന്ന എന്നിവരുമായി പങ്കുവച്ചു. ഇവർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസിലാക്കി. അലക്സ് മാമ്പുഴ വാളകം മുളളിയിൽ ഭാഗത്ത് വീട് നിർമിക്കാനായി നാലു സെന്റ് ഭൂമി സൗജന്യമായി നൽകി.
തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി വിഷയം പുറം ലോകത്തെത്തിച്ചു. പലരും സഹായമെത്തിക്കുകയും വാഗ്ദാനം നൽകുകയും ചെയ്തു. വീടിന്റെ കല്ലിടീൽ ഫാ. സൈമൺ ലൂക്കോസ്, ഡിവൈഎസ്പി ബൈജുകുമാർ, കലയപുരം ജോസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
അടുത്ത മഴക്കാലത്തിന് മുൻപ് വീടുനിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സുമനസുകൾക്ക് 9539698605 എന്ന നമ്പരിരിൽ ഗൂഗിൾ പേ വഴി സഹായമെത്തിക്കാമെന്ന് അലക്സ് മാമ്പുഴ അറിയിച്ചു.