മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ
1479023
Thursday, November 14, 2024 6:17 AM IST
കൊല്ലം: ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനെതിരേ (ഹെപ്പറ്റൈറ്റിസ് എ) ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. പനി തലവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടി കലര്‍ത്തരുത്. വിവാഹ സത്കാരങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ വെല്‍ക്കം ഡ്രിങ്ക് നല്‍കുന്നതും കുടിക്കുന്നതും ഒഴിവാക്കുക. ഇവ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയാറാക്കണം.
കുട്ടികളെ സ്കൂളില്‍ അയയ്ക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കൂടെ കരുതണം. ടാങ്കുകളില്‍ സംഭരിക്കുന്ന വെള്ളം, വീടുകളിലെ കിണര്‍ എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ക്ലോറിനേറ്റ് ചെയ്യുക.
ക്ലോറിനേറ്റ് ചെയ്ത ജലമാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കുക. ആര്‍ഒ പ്ലാന്റ് ഫില്‍റ്ററുകളിലെ വെള്ളം, പൊതുവിതരണ ശൃംഖല, വഴി ലഭിക്കുന്ന വെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയും തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.
ക്ലോറിനേഷന് ചെയ്യാത്ത വെള്ളം പാചകത്തിനോ, പാത്രങ്ങള്‍ കഴുകുന്നതിനോ, വായ കഴുകുവാനോ ഉപയോഗിക്കരുത്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പും ആഹാരം കഴിക്കുന്നതിനു മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. പഴകിയതും, ഈച്ച കയറുന്ന തരത്തില്‍ തുറന്നു വച്ചിരിക്കുന്ന ആഹാര സാധനങ്ങൾ കഴിക്കരുത്.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കണം. കൃത്യമായ ചികിത്സയെടുത്തിലെങ്കില് കരളിനെ ബാധിച്ച് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും മരണ കാരണമാവുകയും ചെയ്യുമെന്നും ഡിഎംഒ അറിയിച്ചു.