വനമേഖലയില്‍ മാലിന്യം തള്ളി; രണ്ടുപേര്‍ പിടിയിൽ, വാഹനം കസ്റ്റഡിയില്‍
1478511
Tuesday, November 12, 2024 7:04 AM IST
തെന്മല: വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറി മാലിന്യം തള്ളിയ രണ്ടുപേര്‍ തെന്മല വനപാലക സംഘത്തിന്റെ പിടിയിലായി. പത്തനാപുരം പിടവൂര്‍ രാജ് ഭവനില്‍ ജയരാജ്, മഞ്ചള്ളൂര്‍ ശ്രീനിലയത്തില്‍ അജില്‍ സുധാകരന് എന്നിവരാണ് തെന്മല റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്.
വനം വകുപ്പ് തെന്മല റേഞ്ചില്‍ ഉള്‍പ്പെടുന്ന ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള അഡ്വഞ്ചര്‍ സോണിന് സമീപമാണ് ടെമ്പോയില്‍ ചാക്കുകെട്ടില്‍ നിറച്ച മാലിന്യം വ്യാപകമായി തള്ളിയത്. മാലിന്യം തള്ളിയത് മൂലം വന്യ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും ജീവനും ഭീഷണിയായിരുന്നു.
പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മാലിന്യം തള്ളി, വന മേഖലയിലെ മരങ്ങള്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മാലിന്യം കടത്തിയ ടെമ്പോ ഉള്‍പ്പടെ പിടികൂടിയത്.
കുറച്ചു ദിവസങ്ങളായി തെന്മലയിലെ വനമേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ വനപാലകര്‍ പരിശോധിച്ചുവരവേയാണ് വാഹനം ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് തെന്മല റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശെല്‍വരാജ് പറഞ്ഞു.