മാറ്റങ്ങൾക്ക് സാധ്യതയില്ല; സിപിഎം കൊട്ടാരക്കര ഏരിയാ സമ്മേളനം 15 മുതൽ
1478751
Wednesday, November 13, 2024 6:26 AM IST
കൊട്ടാരക്കര: ഭാരവാഹികൾക്ക് മാറ്റമില്ലാതെ സി പി എം കൊട്ടാരക്കര ഏരിയാ സമ്മേളനം 15 ന് ആരംഭിച്ച് 18 ന് സമാപിക്കും.ഉമ്മന്നൂർ പിണറ്റിൻ മുകൾ ഉറയമൺ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.
ലോകം മാറ്റങ്ങൾക്ക് വിധേയമാണെന്ന് പ്രത്യയശാസ്ത്രം പറയുന്നുണ്ടെങ്കിലും സി പി എമ്മിൽ ഈ മാറ്റങ്ങൾ നടക്കാറില്ല. എട്ടു ലോക്കൽ കമ്മിറ്റികളുള്ള കൊട്ടാരക്കരയിൽ രണ്ടിടത്തു മാത്രമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മാറിയത്.ഉമ്മന്നുരിൽ ആർ .സുനിൽകുമാറും തൃക്കണ്ണമംഗലിൽ ഗോപകുമാറും പുതിയ സെക്രട്ടറിമാരായി.
കോട്ടാത്തല, മൈലം, കുളക്കട, വാളകം, കൊട്ടാരക്കര എന്നിവിടങ്ങളിൽ സെക്രട്ടറിമാർക്ക് മാറ്റമുണ്ടായില്ല. ഔദ്യോഗിക പാനലിനെതിരെ നാലു പേർ മൽസരിക്കാൻ തയാറായതോടെ മാവടി ലോക്കൽ സമ്മേളനം അലങ്കോലപ്പെടുകയും നിർത്തിവക്കുകയുമുണ്ടായി. ഇവരെ കൂടി ഉൾപ്പെടുത്തി സമ്മേളനം പൂർത്തിയാക്കണമെന്ന് ഒരു വിഭാഗവും അങ്ങനെ നടക്കില്ല എന്ന് മറുവിഭാഗവും വാശിയിലാണ്. ജില്ലാ കമ്മിറ്റി ഇടപെടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ജില്ലാ നേതൃത്വം ഇതൊന്നുമറിഞ്ഞില്ല എന്ന നിലപാടിൽ തുടരുകയാണ്.
നിലവിൽ പി .കെ .ജോൺസനാണ് ഏരിയാ സെക്രട്ടറി.മന്ത്രി ബാലഗോപാലിന്റെ ശക്തമായ പിന്തുതുണയുള്ളതിനാൽ ജോൺസൻ തന്നെ വീണ്ടും സെക്രട്ടറിയാകും.പാർട്ടി അണികൾക്കിടയിൽ ജോൺസണോട് ശക്തമായ വിയോജിപ്പുണ്ട്.
കാര്യശേഷി ഇല്ലായ്മയും വാവിട്ട നാക്കുമാണ് ദോഷമെന്ന് ഈ വിഭാഗം പറയുന്നു. ഏരിയാ കമ്മിറ്റിയിൽ നിന്ന് രണ്ടു പേർ ഒഴിവാക്കപ്പെടുകയോ സ്വയം ഒഴിയുകയോ ചെയ്യും.പുതിയ ലോക്കൽ സെക്രട്ടറിമാർ ഈ സ്ഥാനത്തേക്ക് വരാനാണ് സാധ്യത.
15 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. 18 ന് വൈകുന്നേരം നെല്ലിക്കുന്നത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കെ. എൻ .ബാലഗോപാൽ, കേന്ദ്ര കമ്മിറ്റിയംഗം കെ .കെ. ശൈലജ എന്നിനിവർ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിൽ കൊട്ടാരക്കരയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗങ്ങൾക്ക് മാറ്റമുണ്ടാകും. മുൻ എം എൽ എ ഐഷാ പോറ്റി ഒഴിവാക്കപ്പെടാനാണ് സാധ്യത.
പകരം പലരും ജില്ലാ കമ്മിറ്റിയിലേക്ക് കയറിക്കൂടാൻ ശ്രമം നടത്തി വരികയാണ്. സി ഐ ടി യു നേതാവും കാപ്പക്സ് ഡയറക്ടറുമായ സി .മുകേഷിനാണ് കൂടുതൽ സാധ്യത .