കാസര്‍ഗോഡ്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 112 ജീവനക്കാരുടെ ഒഴിവുകളാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രം. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നു. നിയമസഭയില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി തദ്ദേശസ്വയംഭരണമന്ത്രി എം.ബി.രാജേഷ് ആണ് ഇക്കാര്യമറിയിച്ചത്.
തൃക്കരിപ്പൂര്‍, പടന്ന, പൈവളികെ, പുത്തിഗെ, മീഞ്ച, ചെമ്മനാട്, കോടോം-ബേളൂര്‍, മധൂര്‍ എന്നീ പഞ്ചായത്തുകളിലാണ് സെക്രട്ടറിമാരുടെ ഒഴിവുള്ളത്. ജില്ലാ പഞ്ചായത്തിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും അസി.സെക്രട്ടറിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 31 ക്ലാര്‍ക്കുമാരുടെ ഒഴിവുകളാണുള്ളത്. ജനറല്‍ വിഭാഗത്തില്‍ 15 പേരുടെയും കന്നട വിഭാഗത്തില്‍ 16 പേരുടെയും ഒഴിവുകളാണുള്ളത്. ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍ നാല് ഒഴിവും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ 12 ഒഴിവുകളുമാണുള്ളത്.
ഇതില്‍ ചിലത് ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുകയാണ്. പുത്തിഗെ, മൊഗ്രാല്‍പുത്തൂര്‍, വൊര്‍ക്കാടി പഞ്ചായത്തുകളില്‍ 2021 മുതല്‍ കന്നട ക്ലാര്‍ക്കിന്റെ ഒഴിവ് നിലനില്‍ക്കുകയാണ്. ഓഫീസ് അറ്റന്‍ഡര്‍- രണ്ട്, ലൈബ്രേറിയന്‍ ഒന്ന്, ടൈപ്പിസ്റ്റ് ഒന്ന്, മൂന്ന് ഡ്രൈവര്‍ എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ 2019 മുതല്‍ ലൈബ്രേറിയന്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ രണ്ടു സെക്കന്റ് ഗ്രേഡ് ടൗണ്‍ പ്ലാനിംഗ് സര്‍വേയറുടെ തസ്തിക 2022 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ എപിഒ, ഡിഡബ്ല്യുഇഒ എന്നിവരുടെ ഓരോ ഒഴിവുമുണ്ട്.
സാങ്കേതിക വിഭാഗത്തിലും നിരവധി ഒഴിവുകളാണ്. ഇതു ത്രിതല പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ 14 അസി.എന്‍ജിനിയര്‍മാരുടെയും ഒരു അസി.എക്സിക്യൂട്ടിവ് എന്‍ജിനിയറുടെയും ഒഴിവുണ്ട്. കാസര്‍ഗോഡ് മുനിസിപ്പാലിറ്റി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, അജാനൂര്‍, ബദിയടുക്ക, ബളാല്‍, കിനാനൂര്‍-കരിന്തളം, പൈവളികെ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളിലാണ് അസി.എന്‍ജിനിയര്‍മാരുടെ ഒഴിവുള്ളത്.
ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയറുടെ എട്ട് ഒഴിവുകളാണ് ജില്ലയിലുള്ളത്. മൂന്നു വീതം സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സീയറുടെയും തേര്‍ഡ് ഗ്രേഡ് ഓവര്‍സീയറുടെയും ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഭക്ഷ്യസുരക്ഷയും ഉള്‍പ്പെടെ കാര്യക്ഷമമായി നടക്കേണ്ട സമയത്ത് ജില്ലയില്‍ എട്ട് പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവാണുള്ളത്. മൂന്ന് ഗ്രേഡ് ഫസ്റ്റ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെയും നാലു ഗ്രേഡ് സെക്കന്റ് വില്ലേജ് എക്സ്ടെന്‍ഷന്‍ ഓഫീസര്‍മാരുടെയും ഒഴിവുകളുണ്ട്. ഇത്രയും ഒഴിവുകളുള്ളപ്പോള്‍ എങ്ങനെ കൃത്യമായി പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്നാണ് ജനപ്രതിനിധികള്‍ ചോദിക്കുന്നത്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പിഎംജിഎവൈയുടെ ജില്ലയിലെ നിര്‍വഹണ വിഭാഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.