മാ​ട്ട​റ പീ​ടി​കക്കുന്നി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം
Sunday, June 30, 2024 8:32 AM IST
ഉ​ളി​ക്ക​ൽ: മാ​ട്ട​റ പീ​ടി​ക​ക്കു​ന്നി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം15 ക​ർ​ഷ​ക​രു​ടെ വീ​ട്ടു​മു​റ്റ​ത്തി​ലൂ​ടെ ക​ട​ന്നുപോ​യി. ഏ​ക്ക​റുക​ണ​ക്കി​നു കൃ​ഷി​യും ന​ശി​പ്പി​ച്ചു. 10 ക​ർ​ഷ​ക​രു​ടെ കൃ​ഷി​ത്തോ​ട്ടം ച​വി​ട്ടി മെ​തി​ച്ചു. തെ​ങ്ങ്, ക​മു​ക്, മ​ര​ച്ചീ​നി, വാ​ഴ, ചേ​ന, ചേ​മ്പ് തു​ട​ങ്ങി കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു. പ​ത്തേക്ക​റോ​ളം ഭൂ​മി​യി​ലെ കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം നേ​രം വെ​ളു​ക്കും മുന്പ് കാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കുക​യും ചെ​യ്തു.

ബെ​ന്നി കാ​പ്പി​ത്ത​ട​ത്തി​ൽ, ഷാ​ജി കി​ഴ​ക്കേ​പീ​ടി​ക​യി​ൽ, ലാ​ലു കു​പ്ലാ​ങ്ക​ൽ, ജോ​സ് കു​പ്ലാ​ങ്ക​ൽ, ഒ​സേ​പ്പ് ക​ദ​ളി​ക്കു​ന്നേ​ൽ, സി​ബി പാ​റ​യി​ൽ, ത്രേ​സ്യാ​മ്മ വാ​ഴ​ക്കാ​ലാ​യി​ൽ, പൈ​ലി വാ​തു​ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് നശിപ്പിച്ചത്. 30 തെ​ങ്ങു​ക​ളും 500 ൽ ​അ​ധി​കം വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. കാ​ട്ടുപ​ന്നി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു മു​ള്ളു​വേ​ലി നി​ർ​മി​ച്ച് സം​ര​ക്ഷി​ച്ച മ​ര​ച്ചീ​നി തോ​ട്ട​വും മു​ള്ളു​വേ​ലി​യും ആ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു.

ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത്. പീ​ടി​ക​ക്കു​ന്നു മു​ത​ൽ കാ​ലാ​ങ്കി​വ​രെ​യു​ള്ള അ​ഞ്ചുകി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും പീ​ടി​ക​ക്കു​ന്നു മു​ത​ൽ ആ​ന​പ്പാ​റ​വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും സോ​ള​ർ ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത ഭാ​ഗ​ത്തു കൂ​ടി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്.
ഇ​വി​ടെ സോ​ള​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യെ​ങ്കി​ലും ഇ​തു വ​രെ പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ട്ടി​ല്ല.