അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കൽ ചടങ്ങ് വിജയോത്സവം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനവും രാജ്യപുരസ്കാർ ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിജയികളെ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് മെമന്റോ നൽകി അനുമോദിച്ചു.
ഒന്പത് എ പ്ലസ് നേടിയ വിജയികളെ ജില്ലാ പഞ്ചായത്ത് മെംബർ ജൂബിലി ചാക്കോ അനുമോദിച്ചു. മുഴുവൻ വിജയികളെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ മേരിക്കുട്ടി ജോൺസൺ, കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാൽമി, കേളകം പഞ്ചായത്തംഗം ബിനു മാനുവൽ, പിടിഎ പ്രസിഡന്റ് ജിജി മുതുകാട്ടിൽ, എംപിടിഎ പ്രസിഡന്റ് ജസ്റ്റിന വർഗീസ് എന്നിവർ ചേർന്ന് അനുമോദിച്ചു. മുഖ്യാധ്യാപകൻ ജോസ് സ്റ്റീഫൻ, മുൻ മുഖ്യാധ്യാപകൻ പി.എ. ഷാജു, എം.എം. റിജോയ്, സോളി ജോസഫ്, പി.എസ്. ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ
കൂത്തുപറമ്പ്: ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. നിർമലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന പാർലിമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ വിദ്യാർഥികളെ അനുമോദിച്ചു.
കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.വി. ഷിനിജ, പി. വത്സൻ, വി.കെ. തങ്കമണി, കൂത്തുപറമ്പ് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ശ്രീജ, റാണിജയ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്ത്പുരയിടം, എം.വി. ജുനൈദ്, ജ്യോതിസ് കോ-ഓർഡിനേറ്റർ എം. ദിനേശൻ, ഇ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മികച്ച പിടിഎ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അലിയെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ നൂറുമേനി വിജയം കൊയ്ത നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളെയും ഉപഹാരം നൽകി അനുമോദിച്ചു.
ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ
കണ്ണൂർ: ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഗോൾഡ് മെഡലും വിഷയാടിസ്ഥാനത്തിൽ മികച്ച വിജയം കൈവരിച്ച അധ്യാപർക്കുള്ള അവാർഡ്ദാനവും നടന്നു.
കേരള എസ്സിഇആർടി, എസ്എസ്ഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയകുമാർ ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷാജി പടിഞ്ഞാറെക്കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചനാ പോൾ, ബിന്ദു ദിനേഷ്, ദീപ ജെ. നായർ എന്നിവർ പ്രസംഗിച്ചു.