കാട്ടാനയെ ഭയന്ന് പുഴയിൽ ചാടിയ വനം വാച്ചർമാരിൽ ഒരാൾ മരിച്ചു
1466552
Monday, November 4, 2024 10:10 PM IST
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിന് കൊളവള്ളിക്കു സമീപം കന്നാരംപുഴയിൽ ചാടിയ രണ്ട് കർണാടക വനം വാച്ചർമാരിൽ ഒരാൾ മരിച്ചു.
ബന്ദിപ്പുര കടുവാസങ്കേതത്തിലെ ഗുണ്ടറ റേഞ്ചിൽ വാച്ചറായ എൻബേഗൂർ സ്വദേശി ശശാങ്കൻ(20) ആണ് മരിച്ചത്. കർണാടക വനപാലകരുടെ തെരച്ചിലിൽ ഞായറാഴ്ച രാത്രി വൈകിയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
ശശാങ്കനൊപ്പം പുഴയിൽ ചാടിയ വാച്ചർ രാജു(45) വിനെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയിരുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ഞായറാഴ്ച സന്ധ്യയോടെ മുള്ളൻകൊല്ലി പഞ്ചായത്ത് പരിധിയിലെ കൊളവള്ളിക്കു വരുന്നതിനിടെയാണ് വാച്ചർമാർ ആനയുടെ മുന്നിൽപ്പെട്ടത്. പ്രാണരക്ഷാർഥം ഇരുവരും പുഴയിൽ ചാടുകയായിരുന്നു.
പുഴയിൽ മീൻപിടിക്കുകയായിരുന്ന കൊളവള്ളി ഉന്നതിയിലെ യുവാക്കളാണ് രാജുവിനെ രക്ഷിച്ചത്. സംസ്ഥാന അതിർത്തിയിലൂടെ ഒഴുകുന്ന കബനി നദിയുടെ കൈവഴിയാണ് കന്നാരംപുഴ. എച്ച്.ഡി. കോട്ട താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശശാങ്കന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു.