പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനൗചിത്യം: പി. സന്തോഷ്കുമാര്‍ എംപി
1467709
Saturday, November 9, 2024 6:25 AM IST
കല്‍പ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതില്‍ അനൗചിത്യം ഉണ്ടെന്ന് സിപിഐ നേതാവും രാജ്യസഭാഗവുമായ പി. സന്തോഷ്കുമാര്‍. മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിക്കെതിരേ പ്രിയങ്കയെ മത്സരിപ്പിക്കുകവഴി 2024 പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റത്തിന്റെ നിറമാണ് കോണ്‍ഗ്രസ് കെടുത്തിയതെന്ന് മീറ്റ് ദ പ്രസ് പരിപാടിയില്‍ സന്തോഷ്കുമാര്‍ പറഞ്ഞു.
വയനാട്ടിലടക്കം ബിജെപിയുടെ വളര്‍ച്ചയെ ആശങ്കയോടെയാണ് സിപിഐ കാണുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. സത്യന് മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് സിപിഐയും ഇടതുമുന്നണിയും ഏറ്റെടുത്തത്. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞാണ് ഇടതുമുന്നണി വോട്ടര്‍മാരെ സമീപിക്കുന്നത്. ഇതാണ് സിപിഐ എന്തിനു മത്സരിക്കുന്നുവെന്ന ചോദ്യത്തിനു മറുപടി.
ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണുകയാണ് ബിജെപി സര്‍ക്കാര്‍. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായി വിനിയോഗിക്കുന്നതിനുള്ള സഹായം കേന്ദ്രം പ്രഖ്യാപിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയമാണ്. പുഞ്ചിരിമട്ടം ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയില്‍ ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും സന്തോഷ്കുമാര്‍ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു കൂടെ ഉണ്ടായിരുന്നു. നിസാം കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജോമോന് ജോസഫ് സ്വാഗതവും എം. കമല്‍ നന്ദിയും പറഞ്ഞു.