ഉപതെരഞ്ഞെടുപ്പ്; മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ വേണം
1478442
Tuesday, November 12, 2024 6:22 AM IST
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ നൽകി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിർമാർജനത്തിന് ശ്രദ്ധ നൽകണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ എസ്. ഹർഷൻ അറിയിച്ചു. പ്രചാരണ സാമഗ്രികൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെ 500 ടണ്ണിൽ കൂടുതൽ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്. മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ കുറച്ച് അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയാണ്.
പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിംഗ്സുകൾ, പുനഃചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗ തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല.
നൂറുശതമാനം കോട്ടണ്‍ തുണിയിൽ എഴുതി തയാറാക്കുന്നവയും കോട്ടണ്‍ തുണി, പേപ്പർ എന്നിവ ചേർന്ന് നിർമിക്കുന്ന വസ്തുവിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബോർഡുകളും ബാനറുകളും ഉപയോഗിക്കാം. പനന്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹ്യദ വസ്തുക്കൾ ഉപയോഗിച്ചും പ്രചാരണ സാമഗ്രികൾ നിർമിക്കാം.
പ്രചാരണത്തിന് കൂടുതലും ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. കൊടികൾ, തോരണങ്ങൾ തുണിയിലോ പേപ്പറിലോ നിർമിക്കണം. പോളിപ്രൊപ്പലീൻ കൊണ്ടുള്ള കൊടിതോരണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രചാരണ വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ഫ്ളക്സ്, പ്ലാസ്റ്റിക്, തെർമോക്കോൾ പൂർണമായി ഒഴിവാക്കി കോട്ടണ്‍ തുണി, പേപ്പർ എന്നിവ കൊണ്ട് വാഹനങ്ങൾ അലങ്കരിക്കാം.