വയനാട് സാഹിത്യോത്സവം : അരുന്ധതി റോയി ഇക്കുറിയും പങ്കെടുക്കും
1467705
Saturday, November 9, 2024 6:25 AM IST
മാനന്തവാടി: ഡിസംബർ 26 മുതൽ മാനന്തവാടി ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇക്കുറിയും പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി പങ്കെടുക്കും. 2022ൽ നടന്ന വയനാട് സാഹിത്യോത്സവം ഒന്നാം സീസണിലെ പ്രമുഖ പ്രഭാഷകയായിരുന്നു അരുന്ധതി റോയി. സുതാര്യവും ഉത്തരവാദിത്വ പൂർണവുമായ നീതിന്യായ വ്യവസ്ഥയ്ക്കായി പോരാടിയ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറും ഈ വർഷത്തെ വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
2011 മുതൽ 2018 വരെ സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചെലമേശ്വർ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിൽ ആശങ്ക രേഖപ്പെടുത്തി ചരിത്രപരമായ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ഒരാളാണ്. ജുഡീഷൽ സുതാര്യതയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ജസ്റ്റീസ് ചെലമേശ്വർ ധൈര്യപൂർവം ഉയർത്തിയ ഭിന്നാഭിപ്രായങ്ങൾ അദ്ദേഹത്തിന് 'ചീഫ് ഡിസെന്റർ’ എന്ന പേരു നേടിക്കൊടുത്തു.
ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ എഴുത്തുകാരിയാണ് അരുന്ധതി റോയ്. അരുന്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ എന്ന കൃതിക്ക് 1997ലെ ബുക്കർ പുരസ്കാരം ലഭിച്ചു. ഈ പുസ്തകം നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ’മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസും’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2024 ജൂണിൽ പെൻ പിന്റർ സമ്മാനത്തിന് അർഹയായി. ഈ ഓഗസ്റ്റിൽ വക്ലവ് ഹവേൽ സെന്റർ ന്ധഡിസ്റ്റർബിംഗ് ദി പീസ്ന്ധ അവാർഡ് നൽകി അരുന്ധതി റോയിയെ ആദരിച്ചു. 'മദർ മേരി കംസ് ടു മി എന്ന പേരിലുള്ള ആത്മകഥ 2025 സെപ്റ്റംബറിൽ പുറത്തിറങ്ങും.
ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന വയനാട് സാഹിത്യോത്സവത്തിനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. നവംബർ 15 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു ദിവസമായി നടക്കുന്ന പരിപാടിയിൽ ഇരുനൂറിലേറെ പ്രഭാഷകർ പങ്കെടുക്കും. സാഹിത്യോത്സവത്തിനു പുറമേ അന്താരാഷ്ട്ര അക്കാദമിക് കോണ്ഫറൻസ്, അഖിലേന്ത്യാ ആർട്ട് ആൻഡ് ക്രാഫ്റ്റ് മേള, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, ഭക്ഷ്യമേള, കാർഷിക വിപണി, പൈതൃക നടത്തം, ആർട്ട് ബിനാലെ, കുട്ടികളുടെ വിനോദ വിജ്ഞാനകളരി, ചെസ് ടൂർണമെന്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.