പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം: റവന്യു മന്ത്രി രാജിവയ്ക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
1478659
Wednesday, November 13, 2024 4:52 AM IST
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവന്യു മന്ത്രി രാജിവയ്ക്കണമെന്നു ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.
ഗുണനിലവാരം ഉറപ്പുവരുത്താതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണം. ഗുണനിലവാരം പരിശോധിക്കാതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിൽ സർക്കാരും ജില്ലാ ഭരണകൂടവും ഉത്തരവാദികളാണ്.
വിഷയം നിയമസഭയുടെ സംയുക്ത സമിതി അന്വേഷിക്കണം. സംഭവത്തിൽ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനം തകർത്തതിന്റെ ഉത്തരവാദിത്തം എൽഡിഎഫിനാണ്. 835 കിറ്റുകളാണ് നവംബർ ഒന്നിന് മേപ്പാടി പഞ്ചായത്തിലെത്തിച്ചത്.
474 കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ 361 എണ്ണം ഉപയോഗശൂന്യമായിരുന്നു. ഈ കിറ്റുകൾ മേപ്പാടി പഞ്ചായത്തിന് കൈമാറിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്തതിന്റെ കാരണം ജില്ലാ ഭരണകൂടം വിശദീകരിക്കണം. സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തിയതിന്റെ രേഖ നൽകാൻ റവന്യു വകുപ്പോ ജില്ലാ ഭരണകൂടമോ തയാറാകുന്നില്ല. ഇത് പരിശോധന നടന്നില്ല എന്നതിനു തെളിവാണെന്നും സിദ്ദിഖ് പറഞ്ഞു.