പഞ്ചായത്ത് നിർമിച്ച കുളത്തിൽ കീടനാശിനി കലക്കിയതായി ആരോപണം
1467708
Saturday, November 9, 2024 6:25 AM IST
മാനന്തവാടി: പഞ്ചായത്ത് നിർമിച്ചു നൽകിയ കുളത്തിൽ മീനുകൾ ചത്തുപൊന്തി. ഇതേത്തുടർന്ന് കീടനാശിനി കലക്കിയതായി ആരോപണവും ഉയർന്നു. എടവക പായോട്, അന്പലവയലിലാണ് മീനുകൾ ചത്തത്. പ്രദേശവാസികൾ മാനന്തവാടി പോലീസിൽ പരാതി നൽകി.
കാർഷിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തി വിട്ടുനൽകിയ സ്ഥലത്ത് വർഷങ്ങൾക്ക് മുന്പ് എടവക പഞ്ചായത്താണ് കുളം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2020 ൽ മോട്ടറും പന്പ് ഹൗസും സ്ഥാപിച്ചിരുന്നു. കൃഷിയിടങ്ങൾ നനയ്ക്കുന്നതോടൊപ്പം മറ്റ് ആവശ്യങ്ങൾക്കും പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ കുളം.
കുളത്തിൽ വെള്ളം സുലഭമായതോടെ സമീപത്തെ കിണറുകളിലും യഥേഷ്ടം ജലം ലഭിക്കുമായിരുന്നു. വെള്ളത്തിൽ കീടനാശിനി കലർന്നതോടെ ആഫ്രിക്കൻ മുഷി, ഫിലോപിയ, വാള, പരൽ, ചേറ് മിനുൾപ്പെടെയാണ് ചത്ത് പൊന്തിയത്. ഇതിനെതിരേ പ്രദേശ വാസികൾ മാനന്തവാടി പോലീസിൽ പരാതി നൽകി. വീര്യം കലർന്ന കീടനാശിനിയായതിനാലാണ് പാന്പും മറ്റ് ജലജീവികളും ചത്തതെന്നു നാട്ടുകാർ ആരോപിച്ചു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യവും മയക്കുമരുന്ന് ഉപയോഗവും വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു.