ബാലാവകാശ കമ്മീഷന്റെ ഏകദിന പരീശീലനം ഇന്ന്
1467060
Thursday, November 7, 2024 12:58 AM IST
കൽപ്പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീ ജില്ലാമിഷനുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഇന്ന് രാവിലെ 10ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ഏകദിന പരീശീലനം നൽകുന്നു.
ഉത്തരവാദിത്തപൂർണ രക്ഷാകർതൃത്വം, കുട്ടികളുടെ അവകാശങ്ങൾ, ജീവിത നൈപുണി വിദ്യാഭ്യാസം, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് കേരളത്തിലുടനീളം ബാലസൗഹൃദ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പാക്കാനാണ് കമ്മീഷൻ സുരക്ഷിത ബാല്യം സുന്ദര ഭവനം പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കാൻ തദ്ദേശ സ്വയംഭരണം, വനിതാശിശു വികസനം, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ തടയൽ, ആത്മഹത്യ പ്രവണത ഇല്ലാതാക്കൽ, ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗം തടയൽ, സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീയുടെ സഹകരണത്തോടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.