ആർ. ശങ്കർ അനുസ്മരണ യോഗം നടത്തി
1467438
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷിക ദിനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സാമുദായിക , രാഷ്ട്രീയ നേതൃരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ബഹുമുഖപ്രതിഭയും ശക്തനായ ഭരണാധികാരിയുമായിരുന്നു ആർ. ശങ്കർ. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലും സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിനെ ക്രിയാത്മകമായി നയിക്കുന്നതിൽ ഏറെ പങ്ക് വഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലഘട്ടം മികവാർന്ന നിരവധി നേട്ടങ്ങളുടെ കാലമാണ്. വിധവ പെൻഷൻ, വിദ്യാഭ്യാസ പരിഷ്കരണം, വ്യവസായവത്കരണം, വൈദ്യുതോത്പാദനം തുടങ്ങി നിരവധി ക്ഷേമ വികസന പദ്ധതികൾ ആർ. ശങ്കർ എന്ന ഭരണാധികാരിയുടെ ഇഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്. ജാതീയ അധീശത്വങ്ങൾക്കെതിരേ പോരാടിയ ആർ. ശങ്കർ പിന്നാക്ക അവശ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിസ്തൂല സേവനമാണ് അനുഷ്ഠിച്ചത്.
കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആണിക്കല്ലായിരുന്നു ആർ. ശങ്കർ എന്ന് യോഗം അനുസ്മരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഹൈബി ഈഡൻ എംപി, സണ്ണി ജോസഫ് എംഎൽഎ, പി.കെ. ജയലക്ഷ്മി, കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലകുറുപ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ജി. വിജയമ്മ, പി. ശോഭനകുമാരി, പോൾസണ്‍ കൂവക്കൽ, ഇ.വി. ഏബ്രഹാം, ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.