സ്ട്രക്ചർ ഉപയോഗിച്ച് സിമന്റ് കട്ടകൾ കയറ്റിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന്
1467706
Saturday, November 9, 2024 6:25 AM IST
പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ഉപയോഗിക്കുന്ന സ്ട്രക്ചർ ഉപയോഗിച്ച് റോഡിൽ കിടന്ന സിമന്റ് കട്ടകൾ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞദിവസമാണ് ആശുപത്രിയുടെ പിൻഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സിമിന്റ് കട്ടകൾ തൊഴിലാളികളെ ഉപയോഗിച്ച് സ്ട്രക്ചറിൽ കൊണ്ടുവന്നത്.
രോഗികൾ ഉൾപ്പെടെയുള്ളവർ ഇത് ചോദ്യം ചെയ്തെങ്കിലും ഇത് അവഗണിച്ച് സിമന്റ്കട്ടകൾ പൂർണമായി സ്ട്രക്ചറിൽതന്നെ കൊണ്ടുവരികയായിരുന്നുവെന്നാണ് പരാതി. ആശുപത്രി അധികൃതരുടെ ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ട്രക്ചർ ദുരുപയോഗം ചെയ്ത നടപടിക്കെതിരേ ഡിഎംഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രി അധികൃതർ അറിയാതെ തൊഴിലാളികൾ സ്ട്രക്ചർ ഉപയോഗിച്ചതെന്നും സംഭവം അറിഞ്ഞതിനെ തുടർന്ന് നിർത്തിവയ്പ്പിച്ചുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.