29 പേരിൽ നിന്നായി 53 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
1478655
Wednesday, November 13, 2024 4:52 AM IST
സുൽത്താൻ ബത്തേരി: ഓണ്‍ലൈൻ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ.
മലപ്പുറം, എടക്കര, മരക്കാരകത്ത് ടി.എം. ആസിഫ്(46)നെയാണ് വിദേശത്തുനിന്ന് തിരിച്ചു എത്തിയപ്പോൾ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് ഞായാറാഴ്ച രാത്രി ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നൂൽപ്പുഴ സ്വദേശിയുടെ പരാതിയിൽ 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇയാൾക്ക് മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറന്പ് പോലീസ് സ്റ്റേഷനിൽ സമാന കേസുണ്ട്.ഓണ്‍ലൈൻ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്ക്കീമിലേക്ക് ആളെ ചേർക്കുന്നതിനായി ’മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സർവീസസ്, ഇന്റർനാഷണൽ എൽഎൽപി’ എന്ന കന്പനിയുടെ പേരിൽ 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലിൽ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്. ആളുകളെ ഓണ്‍ലൈൻ വേൾഡ് ലെവൽ ബിസിനസ് ചെയ്യാമെന്ന് പ്രേരിപ്പിച്ച് നിക്ഷേപങ്ങൾ നേടിയെടുത്തു.
പരാതിക്കാരനിൽ നിന്ന് 55,000 രൂപയാണ് കവർന്നത്. 29 പേരിൽ നിന്നായി 53,20,000 രൂപ നേടിയെടുത്ത ശേഷം വരുമാനമോ അടച്ച തുകയോ നൽകാതെ വഞ്ചിക്കുകയായിരുന്നു. ഈ കന്പനിയുടെ പേരിൽ ജില്ലകൾ തോറും പ്രമോട്ടർമാരെ നിയമിച്ചു നിരവധി ആളുകളിൽ നിന്ന് അനധികൃതമായി പണം നേടിയെടുത്തിട്ടുണ്ട്. കാസർഗോഡ്, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. ഈ കേസിൽ കന്പനിയുടെ പാർട്ണർമാരും ഡയറക്ടർമാരും പ്രമോട്ടർമാരും ഉൾപ്പെടെ ഒന്‍പത് പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.