പുതിയതുറയിലെ യുവാവിന്റെ കൊലപാതകം : രണ്ട് പ്രതികൾകൂടി പിടിയിലായി
1493861
Thursday, January 9, 2025 6:13 AM IST
വിഴിഞ്ഞം : പുതിയതുറയിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട്പ്രതികളെ കൂടി കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മൂന്ന് പ്രതികളും പിടിയിലായി.
കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ പുതിയതുറ കറുത്താൻവിള വീട്ടിൽ നിന്നും നാഗരൂഡം വടക്കേയറ്റം പുത്തൻ വീട്ടിൽ ബാഷ എന്നുവിളിക്കുന്ന വിപിൻ (31) നെ കാഞ്ഞിരംകുളം പോലീസ് അഞ്ച് ദിവസം മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
രണ്ടാം പ്രതിയും വിപിന്റെ അനുജനുമായ വിജിൻ (24), മൂന്നാംപ്രതി പുതിയതുറ കിണറുവിള പുരയിടത്തിൽ മണി എന്ന് വിളിക്കുന്ന മാർട്ടിൻ (28) എന്നിവരെയാണ് തിങ്കളാഴ്ച്ച പോലീസ് പിടികൂടിയത്. കരുംകുളം പുതിയതുറ ആറ്റുലൈൻ ഹൗസിൻ ദാസന്റെ മകൻ ജോസി (43) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
ഒന്നിനായിരുന്നു ജോസിനെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വലതു കണ്ണിന്റെ താഴെ മുറിവേറ്റും നെഞ്ചിൽ കല്ലുകൊണ്ട് ഇടിയേറ്റ് ചതവുപറ്റിയ നിലയിലുമായിരുന്നു മൃതദേഹം.
കൊല്ലപ്പെട്ട ജോസും ഒന്നാം പ്രതിയായ വിപിനുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. വിപിനും മറ്റ് രണ്ട് പ്രതികളും ചേർന്ന് പുതിയതുറ രാജേന്ദ്രന്റെ വീട്ടിൽ ഉറങ്ങിക്കിടന്ന ജോസിനെ മർദ്ദിച്ചു.
പ്രാണ രക്ഷാർഥം പുറത്തേക്ക് ഇറങ്ങി ഓടിയ ജോസിനെ പിന്തുടർന്ന പ്രതികൾ ഗോതമ്പ് റോഡിലേക്ക് പോകുന്ന നടവഴിയിൽ വെച്ചും തുടർന്ന് തോട്ടം പുരയിടത്തിലും വച്ചും ഹോളോബ്രിക്സ് കൊണ്ട് നെഞ്ചിനും മറ്റും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല ചെയ്ത ശേഷം കോഴിക്കോട് ജില്ലയിലെ ബേപ്പൂർ കടപ്പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിജിൻ, മാർട്ടിൻ എന്നിവരെ കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരംകുളം എസ്എച്ച്ഒ മിഥുൻ ടി.കെ, സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ,
സിവിൽ പോലീസ് ഓഫീസർമാരായ മനോജ്,വിനോദ്, സജീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.