ആശാരിമൂല വെള്ളൂർക്കോണം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു
1493859
Thursday, January 9, 2025 6:13 AM IST
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിലെ ആശാരിമൂല വെള്ളൂർക്കോണം പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. പന്നികൾ കൃഷി വ്യാപകമായി നശിപ്പിക്കുന്നത് കാരണം പ്രദേശങ്ങളിലെ കർഷകരുടെ ജീവിതം ദുരിതപൂർണമായതായി നാട്ടുകാർ പറയുന്നു.
വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ തുടങ്ങിയവയൊക്കെ പന്നികൾ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കുന്ന കർഷകർക്ക് തുടർന്ന് കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
വെള്ളനാട് സാരാഭായി എൻജിനീയറിംഗ് കോളജ് അധികൃതർ ആശാരിമൂല, വെള്ളൂർക്കോണം പ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന വാഴയും മരച്ചീനിയും പന്നികൾ വ്യാപകമായി നശിപ്പിച്ചു. രണ്ടിടങ്ങളിലായി രണ്ടര ഏക്കറോളം വരുന്ന കൃഷികളാണ് പന്നികൾ നശിപ്പിച്ചത്.
പന്നികളുടെ ശല്യം കാരണം പ്രദേശത്തെ മിക്ക കർഷകരും കൃഷി ഉപേക്ഷിച്ച നിലയിലാണ്.
കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.