നിയമസഭ പുസ്തകോത്സവത്തിലെ പാനൽ ചർച്ച : രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾക്ക് ഇടയിലും ഇന്ത്യ എന്ന വികാരത്തിൽ ഒറ്റക്കെട്ട്
1493848
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിൽ രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾ നിലനിൽക്കുന്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്നു വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച.
സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുന്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണമെന്ന ഒറ്റ കാഴ്ചപ്പാടിൽ അവർ അവരവരുടെ രാഷ്ട്രീയം ഉറപ്പിച്ചുനിർത്തി. "സമകാലിക ഇന്ത്യൻ രാഷ്ട്രീയം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബിജെപി നേതാവ് പി.കെ. കൃഷ് ണദാസ് എന്നിവർ തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കണമെന്ന അഭിപ്രായം പൊതുവിലുയർന്നു. എന്നാൽ ഭരണഘടനയെ കാവിവത്കരിക്കാനാണു നിലവിലെ ശ്രമമെന്ന ആശങ്ക എം.വി. ഗോവിന്ദൻ പങ്കുവെച്ചു. ഐക്യം തകർക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾ രാജ്യം അംഗീകരിക്കില്ല. സമൂഹത്തെയും ജീവിതത്തെയും മുന്നോട്ടു കൊണ്ടുപോകുന്ന ജനാധിപത്യ സംവിധാനം നിലനിർത്താനുള്ള ഭരണഘടന ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയെ ഒരു പ്രത്യേക ദിശയിലേക്കു മാത്രം നടത്താൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഉജ്ജ്വലമായ ഭൂതകാലത്തിലൂന്നി വേണം വർത്തമാന ഇന്ത്യ പുനർസൃഷ്ടിക്കാൻ. സന്പത്തിന്റെ ധ്രുവീകരണമാണ് നിലവിൽ നടക്കുന്നത്. സന്പന്നർ കൂടുതൽ സന്പന്നരാകുന്നതുവച്ചു രാജ്യം പുരോഗമിക്കുന്നുവെന്നു പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർധിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന മതനിരപേക്ഷ കാഴ്പ്പാടുള്ളവരുമായി ചേർന്നു വർഗീയതയെ ചെറുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അടിസ്ഥാനഘടനയ്ക്ക് മാറ്റം വരാത്ത രീതിയിലാണ് ഭരണഘടന പരിഷ്കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഫെഡറലിസത്തെയും ജനാധിപത്യത്തെയും തകർക്കുന്ന നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു. സർക്കാർ സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നു. അതിനാൽ ബാലറ്റ് പേപ്പർ മടങ്ങിവന്നേ മതിയാകൂ. ലോകത്ത് ആകെ ആറുരാജ്യങ്ങൾ മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആളുകൾക്ക് വിശ്വാസമില്ലാതാക്കുന്ന രീതിയിൽ എത്തിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിശക്തമായ ജനാധിപത്യബോധം നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു.
ജനാധിപത്യത്തെ പൂർണമായി കശാപ്പുചെയ്യുകയാണ് മറ്റു രാഷ്ട്രീയ പാർട്ടികളെന്നും അഗ്നിശുദ്ധി വരുത്തിയ രാഷ്ട്രീയമാണ് രാജ്യത്തു നിലനിൽക്കുന്നതെന്നുമാണ് പി.കെ. കൃഷ്ണദാസിന്റെ അഭിപ്രായം. യുഗാനുകൂലവും കാലാനുകൂലവുമായി ഭരണഘടന മാറ്റണം. ചിലരുടെ സ്വപ്നങ്ങൾ തകരുമെന്നല്ലാതെ ആരാധനാലയങ്ങൾ തകർക്കില്ലെന്നും ഇന്ത്യയുടെ പൈതൃകം അതാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയുമാണ് തങ്ങൾക്ക് ലഭിക്കുന്നത്. ഭൂതകാലത്തെ മറക്കുകയല്ല, പാഠം പഠിച്ച് വർത്തമാനകാല രചന നടത്തി ഭവ്യമായ ഭരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയധാരകൾ സമന്വയിച്ച ആരോഗ്യകരമായ ചർച്ചകൾ തുടരണമെന്നു മോഡറേറ്ററായ ജോണ് ബ്രിട്ടാസ് പറഞ്ഞു.