വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ്: കാത്തിരിപ്പു തുടർന്ന് നാട്ടുകാർ
1493851
Thursday, January 9, 2025 5:59 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്ന് യാഥാർഥ്യമാകുമെന്നറിയാതെ പൊതുജനം. ഏറ്റെടുക്കാൻ ഉദ്ദേശിച്ചു കല്ലിട്ട ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ത്രിശങ്കുവിൽ. വിലനിർണയത്തിലെ പാളിച്ച നൂറുകണക്കിനു പേരെ പാപ്പരാക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെയുള്ള കണ്ടെയ്നർ നീക്കം സുഗമമാക്കി ജില്ലയെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാമെന്നു കരുതിയാണു സർക്കാർ റിംഗ് റോഡ് നിർമിക്കാൻ തീരുമാനമെടുത്തത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 24 വില്ലേജുകളിലൂടെ 72.3 കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിലുള്ള റിംഗ് റോഡിൽ പതിനാലിടത്ത് എൻട്രൻസും എക്സിറ്റും നിർണയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് റിംഗ് റോഡും യാഥാർഥ്യമാക്കണമെന്ന നിലയിൽ ദ്രുതഗതിയിൽ അളവും കല്ലിടലും നടന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ 2022 ഒക്ടോബറിലാണ് സർക്കാർ പുറത്തിറക്കിയത്. 6,500 കുടുംബങ്ങളെ ബാധിക്കുന്ന ഭൂമിയിൽ മൂവായിരത്തിൽപ്പരം വീടുകളും ഉൾപ്പെട്ടിരുന്നു.
നഷ്ടപരിഹാരം വാങ്ങുന്നതിനു ഭൂമിയുടെ പ്രമാണങ്ങളും മറ്റുരേഖകളും എത്രയും പെട്ടന്നു നൽകണമെന്ന നിർദേശമുണ്ടായതോടെ വിവിധ തരം രേഖകൾ വാങ്ങാൻ ജനം വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും സബ് രജിസ്ട്രാർ ഓഫീസുകളും കയറിയിറങ്ങി.
ഇതിനിടയിൽ സർക്കാർ നടപടികൾ മന്ദഗതിയിലായി. നിർമാണ കാര്യത്തെച്ചൊല്ലി കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചവർ വെള്ളത്തിലായി. നമ്പർ അടിച്ച് കുറ്റികൾ സ്ഥാപിച്ച ഭൂമി ഈടുവച്ചു ലോണെടുത്തു കുട്ടികളെ പഠിപ്പിക്കാമെന്നും മക്കളെ കെട്ടിച്ചയക്കാമെന്നും, വില്പന നടത്താമെന്നു മൊക്കെ ആഗ്രഹിച്ചവർക്ക് കനത്ത തിരിച്ചടിയായി.
പണമില്ലാതെ മക്കളുടെ വിവാഹം പല പ്രാവശ്യം മാറ്റിവച്ച രക്ഷിതാക്കളും, ലോണെടുക്കാൻ പറ്റാതെ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളുമുണ്ടായെങ്കിലും അധികൃതർ മാത്രം അനങ്ങിയില്ല . ഇതിനിടയിൽ പൊതു വിപണിയിൽ വൻ വിലയുള്ള ഭൂമിക്ക് കാറ്റഗറി തിരിച്ച് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കേട്ടും പലരുടെയും കണ്ണു തള്ളി. ഇവിടെനിന്നു കിട്ടുന്ന പണം കൊണ്ട് മറ്റൊരിടത്തു ഭൂമി വാങ്ങി വീടു വയ്ക്കുന്നതോടെ കടക്കെണിയിലാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
2022-ൽ വിജ്ഞാപനമിറങ്ങിയെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള അവസാനവട്ട ത്രീഡി വിജ്ഞാപനമിറങ്ങിയതു കഴിഞ്ഞ ഏപ്രിലിലായിരുന്നു. അതുപ്രകാരം പതിനൊന്നു വില്ലേജുകളിൽ നിന്നുളളവരുടെ രേഖകൾഅധികൃതർ കൈപ്പറ്റിയെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല.
റോഡ് അവസാനിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ തലക്കോടു വരെ വിഴിഞ്ഞം ഉൾപ്പെടെ പതിമൂന്നു വില്ലേജുകളിൽനിന്നു ഭൂമി ഏടുക്കാനുള്ള അവസാനവിജ്ഞാപനം ഇനിയും ഇറങ്ങിയില്ലെന്നാണറിവ്. വീടും വസ്തുക്കളും വിട്ടുനൽകിയവരുമായി ചർച്ച നടത്താനോ നഷ്ടപരിഹാരം നൽകാനോ ആകാതെ അധികൃതരുടെ ഒളിച്ച് കളി ആരംഭിച്ചതോടെ ജനം ആക്ഷൻ കൗൺസിൽ രൂപികരിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങി.
അങ്കലാപ്പിലായ നാട്ടുകാർ സഹായ അഭ്യർഥനയുമായി അധികൃതർക്ക് മുന്നിൽ എത്തിച്ച 106 നിവേദനങ്ങളിൽ ഒന്നിനു പോലും മറുപടി നൽകിയില്ലെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ ചന്ദ്ര മോഹൻ പറയുന്നു.
കൂടാതെഎട്ട് എംഎൽഎമാരുടെ മണ്ഡലങ്ങളിൽകൂടി റോഡ് കടന്നുപോകുന്നെങ്കിലും കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് ഒഴിച്ച് എല്ലാവരും തങ്ങളെ കൈവിട്ടതായും ചെയർമാൻ പറയുന്നു.
സമയബന്ധിതമായി റോഡ് പൂർത്തിയാക്കുമെന്ന് അധികൃതർ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിഏറ്റെടുക്കലും നഷ്ടപരിഹാരം നൽകലും തർക്കങ്ങൾ പരിഹരിക്കലും കഴിഞ്ഞെന്നു പണി തുടങ്ങുമെന്ന കാര്യത്തിലും ജനത്തിനു നിശ്ചയമില്ല. എല്ലാം കഴിഞ്ഞ് വികസനറോഡ് പൂർത്തിയായി കാണാൻ നാട്ടുകാർ വർഷങ്ങൾ കാത്തിരിക്കണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.