ഒരു വ്യക്തിയെക്കൊണ്ട് ജോലി ചെയ്യിച്ചശേഷം അയാളുടെ കൂലി കൊടുക്കാതിരിക്കുകയോ, വച്ചു താമസിപ്പിക്കുകയോ ചെയ്യുന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണ്. ഇതുപോലുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരായ സർക്കാർ തന്നെയാണ് ഈ കൊടിയ മനുഷ്യാവകാശലംഘനം നടത്തുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
കേരളത്തിലെ വിവിധ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ഒരു രൂപ പോലും പ്രതിഫലം ലഭിക്കാതെ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുണ്ട്. ഇതിൽ പ്രധാനമായും സർക്കാർ എയിഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരും അനധ്യാപകരുമാണ്. ഈ അടുത്ത നാളിൽ ഒരു അധ്യാപകന് ജോലിയിൽ കയറി ഒൻപതാം വർഷമാണ് നിയമനം പാസായി കിട്ടിയത്. ഒൻപത് വർഷവും ഒരു രൂപ പോലും കൊടുക്കാതെയാണ് അയാളെക്കൊണ്ട് ജോലി ചെയ്യിച്ചത്. നിയമനം പാസാക്കികൊടുത്ത ആ ഒരു മാസത്തെ ശമ്പളം മാത്രം കൈയിൽ കിട്ടി. കുടിശിഖയായ ഒൻപതു വർഷത്തെ ശമ്പളം മുഴുവൻ പ്രൊവിഡന്റ് ഫണ്ടിലേക്ക് പോയി. അതിൽ നിന്നും ഒരു രൂപ പോലും അടുത്ത കാലത്തെങ്ങും എടുക്കാൻ അനുവദിക്കില്ല.
കൂടെ ജോലിചെയ്യുന്നവരെല്ലാം ഒന്നാം തീയതി ശമ്പളം വാങ്ങുമ്പോൾ ഈ ഹതഭാഗ്യർക്ക് ഒരു കട്ടൻചായ കുടിക്കാൻ പത്തു രൂപ പോലും കൊടുക്കാതെ പീഡിപ്പിക്കുകയാണ്. അടിമസമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തിൽ പോലും അടിമകൾക്ക് അവരുടെ ജീവൻ നിലനിറുത്താനുള്ള ഭക്ഷണം എങ്കിലും കൊടുക്കാമായിരുന്നു. ഇവിടെ അതു പോലും കൊടുക്കാതെയാണ് ഒരു സർക്കാർ തന്നെ ആയിരക്കണക്കിന് മനുഷ്യരെ അടിമകളേക്കാൾ കഷ്ടമായി ജോലി ചെയ്യിക്കുന്നത്. കേരളത്തിൽ അല്ലാതെ ലോകത്തിൽ വേറൊരിടത്തും ഇതുപോലൊരു ചൂഷണം നടക്കുന്നില്ല. ഈ കൊടിയ മനുഷ്യാവകാശലംഘനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവരും കണ്ണടച്ചിരിക്കുകയാണ്.
സർക്കാർ ജീവനക്കാരുടെ ശമ്പളം ഒരു ദിവസം വൈകിയാൽ അലമുറയിടുന്ന യൂണിയനുകൾ അവരോടൊപ്പം തന്നെ ജോലി ചെയ്യുന്ന ഈ ഹതഭാഗ്യരുടെ ദീനരോദനം എന്തേ കാണാതെ പോകുന്നു. ഈ കൊടിയ മനുഷ്യാവകാശലംഘനത്തിനെതിരെ കേരളത്തിന്റെ മനസാക്ഷി ഇനിയെങ്കിലും ഉണർന്നേ മതിയാകൂ.
ജോൺസൺ പറമ്പേട്ട്, വെട്ടിമുകൾ