അറിഞ്ഞില്ലെന്നു പറയരുത്, ലഹരിക്കൊപ്പം എയ്ഡ്സും
Saturday, March 29, 2025 12:00 AM IST
ഒരു ഡോസ് മയക്കുമരുന്നിന്റെ സൂചിമുന എയ്ഡ്സ് ഉൾപ്പെടെയുള്ള നിത്യദുഃഖത്തിന്റെ
നരകവാതിലാണെന്ന് അറിഞ്ഞില്ലെന്ന് ഇനിയാരും പറയരുത്.
ഒരേ ഗ്ലാസിൽനിന്നു മദ്യം കഴിച്ചും ഒരേ സിറിഞ്ചിൽനിന്നു മയക്കുമരുന്നു കുത്തിവച്ചും സാഹോദര്യം പങ്കുവയ്ക്കുന്നവരാണ് ലഹരിയടിമകൾ. അവരുടെ തലയിലേക്കാണ് ഇടിത്തീ വീണിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവയ്പിലൂടെ 52 പേർക്ക് എച്ച്ഐവി (എയ്ഡ്സിന്റെ പ്രഥമ ഘട്ടം) ബാധിച്ചെന്ന റിപ്പോർട്ട് വലിയൊരു മുന്നറിയിപ്പായിരിക്കുന്നു. യഥാർഥ കണക്കുകൾ ഇതിലും എത്രയോ വലുതായിരിക്കാം.
മയക്കുമരുന്നടിമകളുടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾകൊണ്ട് കേരളം പൊറുതിമുട്ടിയെന്നതു നേരാണ്. പക്ഷേ, അവരെ പുറന്പോക്കിൽ ഉപേക്ഷിക്കാനാവില്ല. ഏതു സർജിക്കൽ സ്ട്രൈക്ക് നടത്തിയും തിരിച്ചു കൊണ്ടുവരണം. സർവനാശത്തിന്റെ കുത്തിവയ്പുകേന്ദ്രങ്ങളിലേക്കു നടന്നടുക്കുന്നത് ഈ നാടിന്റെ യുവരക്തമാണ്; നാടിന്റെ ഭാവിയാണ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലെ 10 പേർക്ക് എച്ച്ഐവി പോസിറ്റീവാണെന്ന വാർത്തയാണ് ഏറ്റവും പുതിയത്. ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഒരേ സൂചി ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കണ്ടെത്തിയത്. മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ആരോഗ്യവകുപ്പും എയ്ഡ്സ് നിയന്ത്രണ ഓഫീസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കഴിഞ്ഞവർഷം മലപ്പുറം ജില്ലയിൽ 68 എച്ച്ഐവി പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ കേരളത്തിൽ മയക്കുമരുന്ന് കുത്തിവയ്പിലൂടെ മാത്രം 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ചുകൾ പങ്കുവച്ചതാണു കാരണം.
മയക്കുമരുന്നാണോ എയ്ഡ്സാണോ കൂടുതൽ മാരകമെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പക്ഷേ, രണ്ടും ഒന്നിച്ചനുഭവിക്കുന്നവർക്കു മുന്നിൽ ആ ചോദ്യത്തിനുപോലും പ്രസക്തിയില്ല. കേരളം അത്തരമൊരു പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ ആകെ എച്ച്ഐവി പോസിറ്റീവില്‍ 15 ശതമാനം 18-25 പ്രായക്കാരാണെന്നും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്ജന്‍ഡേഴ്സ്, സ്വവര്‍ഗാനുരാഗികള്‍ എന്നിവരിലെ വ്യാപനത്തേക്കാള്‍ ഏറെ ഉയര്‍ന്ന തോതിലാണ് ഇതരസംസ്ഥാന തൊഴിലാളികളിലെയും യുവജനങ്ങളിലെയും വ്യാപനം. പരിശോധന കര്‍ക്കശമല്ലാത്തതിനാല്‍ നിരക്ക് ഇതിലും കൂടാനാണ് സാധ്യത. വ്യക്തിയുടെ സമ്മതം കൂടാതെ എച്ച്ഐവി നിര്‍ണയ പരിശോധന നടത്താറില്ല.
എയ്ഡ്സ് മറച്ചുവയ്ക്കുന്നവരും തിരിച്ചറിയാത്തവരും ഏറെപ്പേരാണ്. ഇവരില്‍നിന്ന് അനേകരിലേക്ക് വൈറസ് പടരാനും സാഹചര്യമുണ്ട്. വൈകിയുദിച്ച ബോധമാണെങ്കിലും മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം സർക്കാരും പൊതുസമൂഹവും ശക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഉറവിടമറിയില്ല. വിദേശപങ്ക് മുതൽ അദാനി ഗ്രൂപ്പിനു പാട്ടത്തിനു നൽകിയ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വരെ സംശയനിഴലിലാണ്. 2020നും 24നുമിടയ്ക്ക് രാജ്യത്ത് നടത്തിയ 19 വന്പൻ മയക്കുമരുന്നുവേട്ടയിൽ 10 എണ്ണവും മുന്ദ്ര വഴിയായിരുന്നു. ഉറവിടം കണ്ടെത്താൻ സർക്കാരുകൾക്കു കഴിയുന്നില്ലത്രേ. കൈവശക്കാരെയും മയക്കുമരുന്നടിമകളെയും പൊക്കുന്നതാണ് ഇപ്പോഴത്തെ മയക്കുമരുന്നുവേട്ട. ഒരാൾ പോയാൽ മറ്റൊരാൾ! ലഭ്യതയ്ക്ക് ഒരു കുറവുമില്ല.
മയക്കുമരുന്നു കടത്തുന്നവരെപ്പറ്റിയും ഉപയോഗിക്കുന്നവരെപ്പറ്റിയും ഈ മാസം മാത്രം 1,793 രഹസ്യവിവരങ്ങളാണ് പോലീസിനു ലഭിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ആന്റി നാര്‍കോട്ടിക് കണ്ട്രോള് റൂമിലേക്ക് (എഎന്സിആര്) 3,865 കോളുകളാണ് ലഭിച്ചത്. അതിലും നടപടിയെടുത്തു. ലഹരിയുമായി ബന്ധപ്പെട്ട 1,157 കേസുകള്‍ വാട്സ്ആപ്പ് വഴി പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കാര്യം വ്യക്തമാണ്, സർക്കാർ ഉണർന്നതോടെ പൊതുജനം ഒപ്പം നിന്നു.
2024 ഡിസംബര്‍ 31 വരെ 87,702 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ആദ്യം നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതില്‍ 87,389 കേസുകളിലായി 94,886 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും നാടാകെ മയക്കുമരുന്ന് ലഭ്യമാകുന്നു. അതായത്, മഞ്ഞുമലയുടെ ഒരറ്റംപോലും ദൃശ്യമായിട്ടില്ലെന്നുവേണം കരുതാൻ. ഉറവിടത്തെക്കുറിച്ചുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരൂഹമായ അജ്ഞതയാവാം കാരണം.
പുതിയ എച്ച്ഐവി ബാധിതരിൽ 23 മുതൽ 39 ശതമാനം വരെ മയക്കുമരുന്നു പങ്കിട്ടു കുത്തിവയ്ക്കുന്നവരിലാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, (എച്ച്ബിവി, എച്ച്സിവി) എന്നിവയും പകരുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയിലും ക്രമസമാധാനത്തിലും കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് മുന്‍പെങ്ങുമില്ലാത്ത ഭീഷണിയായി. അതിനെ രൂക്ഷമാക്കിയിരിക്കുകയാണ് എച്ച്ഐവി വ്യാപനം. ഒരു ഡോസ് മയക്കുമരുന്നിന്റെ സൂചിമുന എയ്ഡ്സ് ഉൾപ്പെടെയുള്ള നിത്യദുഃഖത്തിന്റെ നരകവാതിലാണെന്ന് അറിഞ്ഞില്ലെന്ന് ഇനിയാരും പറയരുത്. നാം ചത്തതുപോലെ കിടന്നാൽ ഉപേക്ഷിച്ചുപോകുന്ന കരടിയല്ല മയക്കുമരുന്നെന്നും ബോധ്യമായി. തിന്നുതീർക്കുംമുന്പ് നേരിടുകയേ നിവൃത്തിയുള്ളൂ.