ലൂസിഫറാണ്, തന്പുരാനല്ല
Friday, March 28, 2025 12:00 AM IST
ഹമാസ് തന്പുരാനല്ല ലൂസിഫറാണെന്ന് പലസ്തീനികളും തിരിച്ചറിഞ്ഞുതുടങ്ങി. തീവ്രവാദികളെ തീവ്രവാദികളെന്നു വിളിച്ച പലസ്തീനികൾ കടക്കൂ പുറത്തെന്നും ആവശ്യപ്പെടുന്നു. ജനാധിപത്യത്തിന്മേലുള്ള തീവ്രവാദ അധിനിവേശത്തിന്റെ കേരള മോഡലും തിരിച്ചറിയണം.
പതിവില്ലാത്തൊരു പ്രതിഷേധ പ്രകടനമാണ് ഗാസയിലെ പലസ്തീൻകാർ ചൊവ്വാഴ്ച നടത്തിയത്. ഹമാസ് തീവ്രവാദികളാണെന്നും കടക്കൂ പുറത്തെന്നുമാണ് പലസ്തീൻ ജനത പച്ചയ്ക്കു പറഞ്ഞത്. കേരളത്തിൽ അതു പറഞ്ഞാലുള്ള പൊല്ലാപ്പ് അറിയാമല്ലോ.
പലസ്തീൻ വിമോചനമല്ല, ക്രൈസ്തവരെയും യഹൂദരെയും ലോകത്തെവിടെനിന്നും ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ അന്തിമലക്ഷ്യമെന്നു തെളിച്ചുപറഞ്ഞിട്ടുള്ള വംശീയ-തീവ്രവാദ പ്രസ്ഥാനമായ ഹമാസിനെ വിമോചന പോരാളികളായി ചിത്രീകരിക്കുന്നവർ കേരളത്തിലായാലും അങ്ങനെതന്നെ തുടരട്ടെ.
കാരണം, അത്തരം വോട്ട് രാഷ്ട്രീയക്കയത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശിരസ് മുക്കിപ്പിടിച്ചിരിക്കുന്ന പാർട്ടികളെയും ഇത്തരം നിലപാടുകളിലൂടെ മലയാളിയുടെ മസ്തിഷ്കപ്രക്ഷാളനം നടത്തിയ മാധ്യമങ്ങളെയും തിരുത്താൻ പലസ്തീൻ ജനതയ്ക്കും എളുപ്പമല്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. പക്ഷേ, തീവ്രവാദത്തെയാണ് എതിർക്കുന്നതെങ്കിൽ അതിനെ തീവ്രവാദമെന്നുതന്നെ വിളിക്കണം. ലൂസിഫറെ തന്പുരാനെന്നു വിളിക്കരുത്.
സിക്കമൂർ, അത്തിവൃക്ഷങ്ങളുടെ നാടായ ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. ഹമാസിനെ എതിർത്ത് അവിടെയൊരു പ്രകടനം നടത്തുന്നത് ജീവഹാനിക്കു വരെ ഇടയാക്കാമെങ്കിലും സമൂഹമാധ്യമമായ ടെലഗ്രാം വഴി സന്ദേശങ്ങൾ കൈമാറിയ പലസ്തീനികൾ അതിവേഗം ഒത്തുചേർന്നെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിന്റെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രകടനക്കാർ ഹമാസിനെ തീവ്രവാദികൾ എന്നാണ് വളച്ചുകെട്ടില്ലാതെ വിളിച്ചത്. “ഔട്ട് ഔട്ട്, ഹമാസ് ഔട്ട്” എന്നായിരുന്നു മുദ്രാവാക്യം. “ഹമാസിന്റെ ഭരണം മടുത്തു, ഹമാസ് പുറത്തു പോകൂ, യുദ്ധം മതിയായി, ഭക്ഷണം വേണം, വെള്ളം വേണം, ഞങ്ങൾക്ക് സമാധാനം വേണം...” എന്നിങ്ങനെയാണ് അവർ വിളിച്ചുപറഞ്ഞത്. ഹമാസ് തീവ്രവാദികൾ പ്രകടനക്കാരെ ആക്രമിക്കുകയും തല്ലിയോടിക്കുകയും ചെയ്തു.
ഹമാസ് റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രേലി സേന ബെയ്ത് ലാഹിയയിലെ ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് വിരുദ്ധ പ്രകടനങ്ങളുണ്ടായത്. 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെതിരേ പലസ്തീൻ ജനത മുന്പും പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനുശേഷം ഇതാദ്യമാണ്.
പലസ്തീനികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ലഭിക്കുന്ന പണം ഹമാസ് ഭീകരർ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ ഗാസയിലുടനീളം തുരങ്കം നിർമിക്കാനും സ്വദേശത്തും വിദേശത്തും ആഡംബരജീവിതത്തിനുമായാണ് ഉപയോഗിക്കുന്നതെന്ന് പലസ്തീനികളും മുന്പ് ആരോപിച്ചിട്ടുണ്ട്.
ജനങ്ങളുടെ രക്ഷയ്ക്കായി ഹമാസ് ഗാസയിൽനിന്ന് ഒഴിയണമെന്ന് ഫത്താ ചെയർമാനും പലസ്തീൻ അഥോറിറ്റിയുടെ പ്രസിഡന്റുമായ മെഹമൂദ് അബ്ബാസ് കഴിഞ്ഞ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഹമാസിനെതിരേ പ്രകടനം നടത്തുന്നത് ഗാസയിൽ മരണം വിളിച്ചുവരുത്തുന്നതാണ്. പക്ഷേ, എതിർത്താലും ഇല്ലെങ്കിലും കൊല്ലപ്പെടാനുള്ള സാധ്യതയേറിയതോടെയാണ് ഗതികെട്ട ജനങ്ങൾ തെരുവിലിറങ്ങിയത്.
വെടിനിർത്തൽ കരാർ താറുമാറായതോടെ വീണ്ടുമാരംഭിച്ച ആക്രമണം ഇസ്രയേൽ തുടരുകയാണ്. പക്ഷേ, ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തിൽനിന്ന് ഹമാസിനെ ഒഴിവാക്കാനാകില്ല. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയത്. 1,200ലധികം ആളുകളെ കൊല്ലുകയും 251 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു.
ദിവസങ്ങൾക്കകം ഇസ്രയേൽ തുടങ്ങിയ നിഷ്ഠുരമായ തിരിച്ചടിയിൽ ഇതിനകം 50,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഹമാസിനെ സഹായിക്കാനെത്തിയ അയൽരാജ്യങ്ങളിലെ ഭീകരപ്രസ്ഥാനങ്ങളെയും ഇസ്രയേൽ അടിച്ചൊതുക്കി. ബന്ദികളെ വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഹമാസ് യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്.
ക്രൈസ്തവർക്കൊപ്പം തങ്ങളെയും ഉന്മൂലനം ചെയ്യുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നറിയാവുന്ന ഇസ്രയേൽ, തീവ്രവാദികളെ അയലത്തു പാർപ്പിക്കാൻ സമ്മതിക്കില്ലെന്നതാണ് വസ്തുത. ദ്വിരാഷ്ട്രവാദം മാത്രമാണ് പരിഹാരം. പക്ഷേ, ഒരിക്കൽ അതിനു തയാറായിരുന്ന ഇസ്രയേൽ അതേ അതിർത്തിനിർണയം ഇപ്പോൾ സമ്മതിക്കാനുമിടയില്ല.
ഹമാസിനെ ഒഴിവാക്കിയല്ലാതെ പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള സാധ്യത മങ്ങിക്കഴിഞ്ഞു. ലോകത്തെവിടെ മനുഷ്യർ അപമാനിതരാകുകയോ കൊല്ലപ്പെടുകയോ ചെയ്താലും മത-വംശ വ്യത്യാസമില്ലാതെ വേദനിക്കുന്ന മനുഷ്യരുണ്ട്. അവർക്ക് ഗാസയിൽ കൊല്ലപ്പെടുന്ന മനുഷ്യരെയും വേറിട്ടു കാണാനാവില്ല.
മോർച്ചറികളിലെ കുഞ്ഞുശരീരങ്ങൾ നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്; സിറിയയിലും നൈജീരിയയിലും അർമേനിയയിലും യെമനിലും ഇറാക്കിലും ഇറാനിലും ലിബിയയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുമുൾപ്പെടെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറക്കുകയും മാനഭംഗപ്പെടുത്തുകയും, സ്വന്തം വീടുകളിൽനിന്നും നാടുകളിൽനിന്നും തല്ലിയോടിക്കുകയും ചെയ്യുന്ന ക്രൈസ്തവരെപ്പോലെ.
ഇസ്ലാമിക് സ്റ്റേറ്റും അൽ-ക്വയ്ദയും താലിബാനും ബോക്കോ ഹറാമും മുസ്ലിം ബ്രദർഹുഡും പോലെ ഹമാസും ഹിസ്ബുള്ളയും എതിർക്കപ്പെടണം. തന്റെ വംശം മാത്രം ഭൂമുഖത്ത് അവശേഷിച്ചാൽ മതിയെന്ന ഹിറ്റ്ലറുടെ വംശവെറിയുടെ വ്യാപനത്തിലാണ് ഇസ്ലാമിക ഭീകരർ ഏർപ്പെട്ടിരിക്കുന്നത്. അതിനെ വിമോചനപോരാട്ടമാക്കുന്നവർ കേരളത്തിലായാലും ഫാസിസത്തിനു വളമിടുകയാണ്.
സമൂഹമാധ്യമങ്ങളിലും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണ്. അവരും അവരുടെ വലയിൽ വീണവരും ഇന്ത്യയിലും വിദേശങ്ങളിലുമിരുന്ന് യുട്യൂബുകളിലൂടെ ഹമാസിനെ ന്യായീകരിക്കുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ലോകത്ത് ഏറ്റവുമധികം മതപീഡനം നടത്തുന്ന, ഇസ്ലാമിക രാജ്യങ്ങളെയോ ഇരകളായ ക്രൈസ്തവരെയോ ഇവർ തിരിഞ്ഞുനോക്കില്ല.
ഇരട്ടത്താപ്പിന്റെ കുടിയേറ്റ ഭൂപടംകൂടി കാണേണ്ടതാണ്. അതായത്, ഇവരാരും തീവ്രവാദികൾ ഭരിക്കുന്ന, ശരിയത്ത് ഭരണമുള്ള രാജ്യങ്ങളിൽ ജീവിക്കാൻ തല്ലിക്കൊന്നാലും പോകില്ല. വിസ്മയരാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ഇറാക്കിലും സൊമാലിയയിലും നൈജീരിയയിലും യെമനിലുമൊന്നും കുടിയേറേണ്ട, വലതുപക്ഷ-മുതലാളിത്ത-ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളായ യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ മതി.
എന്തിന്, ഇസ്രയേലിലേക്കാണോ ഗാസയിലേക്കാണോ വീസ വേണ്ടതെന്ന് കേരളത്തിലെ ഹമാസ് ആരാധകരോടു ചോദിച്ചുനോക്കൂ. സിപിഎമ്മിലും കോൺഗ്രസിലുമൊക്കെ ഹമാസിനുവേണ്ടി ചോര തിളപ്പിക്കുന്നവരോട് മക്കളെ വിദേശപഠനത്തിനു വിട്ടിരിക്കുന്നത് എവിടേക്കാണെന്നു ചോദിച്ചോളൂ.
ഇരട്ടത്താപ്പിന്റെ ഈ രാഷ്ട്രീയം തുറന്നുകാണിക്കേണ്ടതുണ്ട്. ഒറ്റവാക്യത്തിൽ പറഞ്ഞാൽ, ഇതാണ് ജനാധിപത്യത്തിന്മേലുള്ള തീവ്രവാദ അധിനിവേശം. ഈ ലൂസിഫറിനെ തന്പുരാനെന്നു വിളിക്കരുത്.