അഭിപ്രായസ്വാതന്ത്യം തിയറ്ററിലെത്തുന്പോൾ
Monday, March 31, 2025 12:00 AM IST
ദൈവത്തിനു മുകളിൽ സാത്താനെ പ്രതിഷ്ഠിക്കുന്നതിനാലും അഭിപ്രായസ്വാതന്ത്ര്യത്താലും ‘എന്പുരാൻ’ ചർച്ച ചെയ്യപ്പെടുകയാണ്.
ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എന്പുരാന്റെ ചുവടുപിടിച്ച്, അഭിപ്രായസ്വാതന്ത്ര്യം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. എവിടെനിന്നാണ് ലൂസിഫർ എത്തിയത് എന്നതിന് നരകത്തിൽനിന്ന്, അമേരിക്കയിൽനിന്ന് എന്നീ രണ്ട് ഉത്തരങ്ങളുണ്ട്. 2016 ജനുവരിയിൽ ഫോക്സ് ചാനൽ സംപ്രേഷണം തുടങ്ങിയ പരന്പരയാണ് ‘ലൂസിഫർ’. മലയാളത്തിൽ അത്ര വിവാദമല്ലാതിരുന്ന ‘ലൂസിഫർ’, വിവാദമായ ‘എന്പുരാൻ’ എന്നീ സിനിമകളുടെ പ്രഭവകേന്ദ്രം ആ പരന്പരയാണ്. ഇപ്പോൾ വിവാദമായ ‘എന്പുരാൻ’ ദൈവത്തിനു മുകളിൽ സാത്താനെ പ്രതിഷ്ഠിക്കുന്നതിനാലും അഭിപ്രായസ്വാതന്ത്ര്യത്താലും ചർച്ച ചെയ്യപ്പെടുകയാണ്.
ആദ്യം അമേരിക്കയിൽനിന്നു തുടങ്ങാം. നരകജീവിതം മടുത്ത് ലൂസിഫർ എന്ന പിശാച് ലോസ്ആഞ്ചലസിൽ ഒരു നൈറ്റ്ക്ലബ് ഉടമയായും തുടർന്നു പോലീസിന്റെ ഉപദേശകനായും അവതരിക്കുന്നതിനെക്കുറിച്ചാണ് കഥ. ഏറെ ജനപ്രീതി നേടിയെങ്കിലും 2018ൽ മൂന്നു സീസൺ അവതരിപ്പിച്ചശേഷം ഫോക്സ് ചാനൽ പരന്പര ഉപേക്ഷിച്ചു. നാലാം സീസൺ സംപ്രേഷണം ചെയ്തത് നെറ്റ്ഫ്ലിക്സാണ്. ആ പരന്പരയുടെ സാന്പത്തിക വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാകാം, 2019ൽ മലയാളത്തിൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ പുറത്തിറക്കി. അതിനെ അധികരിച്ച് തെലുങ്കിൽ ചിരംജീവി നായകനായി ‘ഗോഡ്ഫാദർ’ പുറത്തിറങ്ങി. ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എന്പുരാനും.
ഒരു കാര്യം ഉറപ്പാണ്, നീതി നടപ്പാക്കാൻ തിന്മയെ ഉപയോഗിക്കുകയും അതിൽ തെറ്റില്ലെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് ലൂസിഫറും എന്പുരാനും. “ദൈവപുത്രൻതന്നെ തെറ്റു ചെയ്യുന്പോൾ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാനാണ്” എന്ന എന്പുരാന്റെ വിനാശകരമായ വാക്കുകളിൽ അതുണ്ട്. ബൈബിളിനെയും ക്രൈസ്തവവിശ്വാസത്തെയുമൊക്കെ ലൂസിഫറിൽ അവഹേളിക്കുന്നുണ്ടെങ്കിലും എതിർപ്പിനപ്പുറം ഭീഷണിയായി അതു വളർന്നില്ല. സിനിമ അനീതിക്കെതിരേ പൊരുതുന്നുണ്ടെങ്കിലും നീതി നടപ്പാക്കാൻ പിശാച് രംഗത്തിറങ്ങുന്പോൾ കൈയടിക്കുന്നതോടെ, പിശാചിനെ എതിർക്കേണ്ടതില്ലെന്ന ചിന്ത കാഴ്ചക്കാരുടെ അബോധമനസിലെങ്കിലും കുത്തിവയ്ക്കപ്പെടുന്നുണ്ട്. പിശാചിന്റെ ഏറ്റവും വലിയ തന്ത്രം താൻ ഇല്ലെന്നു ലോകത്തെ വിശ്വസിപ്പിക്കുകയാണെന്ന ചൊല്ല് ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
ഇനി എന്പുരാനിലെ വിവാദത്തിലേക്കും അഭിപ്രായസ്വാതന്ത്ര്യത്തിലേക്കും വരാം. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചു പറയുന്പോൾ അതിന് ആധാരമായ ഗോധ്രയിലെ ട്രെയിൻ കത്തിക്കലിനെക്കുറിച്ച് കാര്യമായ പരാമർശമില്ല എന്നതാണ് ആക്ഷേപം. അതായത് കാരണം പറയാതെ കാര്യം പറഞ്ഞിരിക്കുന്നു എന്ന്. രണ്ടാമത്തേത്, 97 മുസ്ലിംകൾ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്ന ബാബു രാജാഭായി പട്ടേൽ എന്ന ബാബു ബജ്രംഗിയെ അവതരിപ്പിച്ചതാണ്.
2007ൽ തെഹൽക്ക മാസികയുടെ രഹസ്യ കാമറ ചിത്രീകരണത്തിൽ കലാപസമയത്ത് താൻ മുസ്ലിംകളെ കൊന്നതെങ്ങനെയെന്നത് ഉൾപ്പെടെയുള്ള തന്റെ കാഴ്ചപ്പാടുകളെല്ലാം ബജ്രംഗി വിശദീകരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ ലഭ്യമാണുതാനും. തനിക്കു സർക്കാരിൽനിന്നു ലഭിച്ച സഹായവും അയാൾ പറയുന്നുണ്ട്. ബജ്രംഗി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടെങ്കിലും ഇവിടെയും സംഭവിക്കാറുള്ളതുപോലെ മിക്കവാറും പരോളിലായിരുന്നു. രാജ്യവിരുദ്ധവും ക്രൂരവുമായ ദൃശ്യങ്ങളും പരാമർശങ്ങളും സിനിമയിലുണ്ടെന്ന ആരോപണവും ഉയർന്നു. എന്തായാലും വിവാദ പരാമർശങ്ങൾ ഒഴിവാക്കി പുതിയ പ്രിന്റ് പ്രദർശനത്തിന് എത്തിക്കുമെന്ന് നിർമാതാക്കൾ പറഞ്ഞതോടെ വിവാദം ശാന്തമായിട്ടുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം എന്നത് പുരോഗതിക്ക് അനുസരിച്ചു പുതുക്കപ്പെടുന്ന നിർവചനമാണ്. പക്ഷേ, നിർഭാഗ്യവശാൽ സമീപകാലത്ത് രാജ്യത്ത് സഹിഷ്ണുത കുറയുന്നതാണ് കാണുന്നത്. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മതങ്ങൾക്കും ഏറിയോ കുറഞ്ഞോ പങ്കുമുണ്ട്. സഹിഷ്ണുതയുടെ കാര്യത്തിൽ ബിജെപി ഏതായാലും മുന്നിലല്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം, എന്പുരാനെതിരേ തിരിയുന്നവർ മറ്റു പല സിനിമകളുടെയും കാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വക്താക്കളായിരുന്നു എന്നതാണ്.
ഇന്ദിരാഗാന്ധിയെ അവമതിക്കുന്ന ‘എമർജൻസി’, ഗോധ്ര ട്രെയിൽ കത്തിക്കലിനെ തന്നെ ആസ്പദമാക്കിയുള്ള ‘ദ് സബർമതി റിപ്പോർട്ട്’, ‘ആക്സിഡന്റ് ഓർ കോൺസ്പിരൻസി: ഗോധ്ര’, കാഷ്മീരിന്റെ പ്രത്യേക പദവി പ്രമേയമാക്കിയ ‘ആർട്ടിക്കിൾ 370’, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും അവമതിക്കുന്ന ‘ദ് ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’, ക്രിസ്തുമതത്തെയും ക്രൈസ്തവരെയും അവഹേളിക്കുന്നതും അക്രമത്തിനു പ്രേരിപ്പിക്കുന്നതുമായ ‘സനാതനി-കർമ ഹീ ധർമ’, ‘കാഷ്മീർ ഫയൽസ്’, ‘ദ് കേരള സ്റ്റോറി’, ‘സ്വതന്ത്ര വീർ സവർക്കർ’ തുടങ്ങിയ ചിത്രങ്ങളൊക്കെ വിവാദങ്ങളുടെ പട്ടികയിലുണ്ട്. അപ്പോഴൊക്കെ ബിജെപി അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരുന്നു. പലതിനും നികുതിയിളവു നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ സിഖ് കൂട്ടക്കൊലയെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപിക്കാർ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാറുമുണ്ട്. പക്ഷേ, ഗുജറാത്ത് കലാപത്തെക്കുറിച്ച് പറയുന്നത് അസഹ്യവുമാണ്. അസഹിഷ്ണുത സിനിമയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല, പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമർത്തിയും ചരിത്രം തിരുത്തിയും വരുന്ന വഴിക്ക് സിനിമയ്ക്കു കയറുന്നതാണ്. അതിന്റെ തുടർച്ചയാണ്, കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ചുള്ള സംഘപരിവാർ പരാമർശങ്ങൾ. എന്പുരാന്റെ അണിയറ പ്രവർത്തകരുടെ വീട്ടിലേക്ക് ഉടൻ ഇഡി എത്തുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘപരിവാറുകാർ, അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണത്തെ ശരിവയ്ക്കുകയല്ലേ?
ഭയംകൊണ്ടല്ലെങ്കിൽ എന്പുരാനിലെ വെട്ടിച്ചുരുക്കൽ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നതിന്റെ ഭാഗമാണ്. തങ്ങൾ ഭയപ്പെടുത്തിയതുകൊണ്ടാണ് ആ വെട്ടിച്ചുരുക്കലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് ഈ രാജ്യത്തിന്റെ സഹിഷ്ണുതയുടെ പാരന്പര്യത്തെ ചവിട്ടിമെതിച്ചതിൽ അഭിമാനിക്കുന്നതുപോലെയുണ്ട്. സമൂഹമാധ്യമത്തിൽ ഒരു കവിത പങ്കുവച്ചതിനു കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ് ഘഡിക്കെതിരേ കേസെടുത്ത ഗുജറാത്ത് പോലീസിനെയും കോടതിയെയും വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ പരാമർശം പ്രസക്തമാണ്. “കവിത, നാടകം, സിനിമ, ആക്ഷേപഹാസ്യം, കല എന്നിവയുൾപ്പെടെയുള്ള സാഹിത്യങ്ങൾ മനുഷ്യജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നു. മാന്യമായ ജീവിതത്തിന് ആവിഷ്കാരസ്വാതന്ത്ര്യം ആവശ്യമാണ്. അത്, പരിഷ്കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ചിന്തകളുടെയും വീക്ഷണങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യമില്ലാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന മാന്യമായ ജീവിതം അസാധ്യമാണ്.”