വിദ്വേഷകർക്കു പ്രചോദനം ഈ കുറ്റകരമായ മൗനം
ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഈ രാജ്യത്തിന്റെ ഉന്നമനത്തിനായി ആതുര-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവർ വർഗീയവാദികൾക്കു വേട്ടയാടാനുള്ള രണ്ടാംതരം പൗരന്മാരല്ല. അങ്ങനെ സ്ഥാപിക്കാനുള്ള ശ്രമങ്ങളും വിചാരധാരകളും തടയാൻ
രാജ്യത്തിനാകെ കഴിയണം
ക്രൈസ്തവർക്കെതിരേയുള്ള ഹിന്ദുത്വയുടെ അക്രമോത്സുകമായ വിദ്വേഷപ്രചാരണത്തിന്റെ ഏറ്റവും പുതിയ പ്രകടനം ആസാമിൽനിന്നാണ്. ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്നാണു തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനങ്ങളിൽ മുഖ്യം.
ആസാമിന്റെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ ഏറ്റവും വലിയ സംഭാവന നൽകിയ സമൂഹത്തോടാണ് ഒരു തീവ്രസംഘടന അങ്ങേയറ്റം വിഷലിപ്തവും നന്ദികെട്ടതുമായ പ്രതികരണത്തിനു മുതിർന്നത്. പതിവുപോലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തന്ത്രപരമായ നിശബ്ദതയിലാണ്. നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്നതിനേക്കാൾ പ്രധാനമാണ്, അതിനൊപ്പം രാജ്യത്തിന്റെ നാനാത്വവും ഐക്യവും പരാജയപ്പെടുമോ എന്ന ചോദ്യവും.
ആസാമിൽ വിദ്വേഷത്തെ കുടം തുറന്നുവിട്ടത് കുടുംബസുരക്ഷാ പരിഷത്ത് എന്നൊരു സംഘടനയാണ്. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും സഭാവസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്കൂളുകളിൽ ക്രൈസ്തവ പ്രാർഥനകൾ പാടില്ലെന്നും തിട്ടൂരമിറക്കിയിട്ടുമുണ്ട്. “ഞങ്ങൾ ദയ കാണിക്കില്ല, എന്താണ് ചെയ്യുക എന്നു പറയാനും കഴിയില്ല...” വാക്കുകൾ അങ്ങേയറ്റം പ്രകോപനപരമാണ്. പക്ഷേ, ഇത്തരക്കാർക്ക് ആരെയും പേടിക്കാനില്ലെന്നു വന്നിരിക്കുന്നു.
ഇവരെപ്പോലുള്ള വർഗീയവാദികളുടെ അന്ത്യശാസനത്തേക്കാൾ ഭയപ്പെടുത്തുന്നത് ഇവരോട് അരുത് എന്നു പറയാൻ ചുമതലയുള്ള ഭരണാധികാരികളുടെ കുറ്റകരമായ മൗനമാണ്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകൾ മുതൽ രാജ്യത്ത് ഹിന്ദുത്വ വർഗീയവാദികൾ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തിയിട്ടുണ്ട്. രാഷ്ട്രപിതാവിനെത്തന്നെ തോക്കിനിരയാക്കി. എന്നാൽ അതിനൊന്നും സർക്കാരുകളുടെ പിന്തുണയോ മൗനാനുവാദംപോലുമോ ഉണ്ടായിരുന്നില്ല. അതായിരുന്നു പ്രതീക്ഷയും പ്രത്യാശയും. ഇപ്പോൾ ആ പ്രതീക്ഷയും പ്രത്യാശയും ആശങ്കയ്ക്കും ഭയത്തിനും വഴിമാറുന്നു.
ഓരോ ദിവസവും ഇത്തരം വിദ്വേഷപ്രസ്താവനകൾ വർഗീയവാദികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്കു മുന്പാണ് ബിജെപി നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ വിഷ്ണു ഡിയോ സായ് വിഷം ചീറ്റിയത്. ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷണറിമാർ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ സജീവമാകുന്നുണ്ടെന്നും ഇതെല്ലാം ഉടൻ അവസാനിപ്പിക്കുമെന്നും ഹിന്ദുത്വ ശക്തി പ്രാപിക്കുമെന്നുമായിരുന്നു പ്രസ്താവന. തങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞ വെറുപ്പിന്റെ മുന്നറിയിപ്പിനെതിരേ ബിജെപി ഒരു നടപടിയുമെടുത്തിട്ടില്ല.
കാഷ്മീരിലെ ആദ്യ മിഷണറി സ്കൂൾ പാട്ടക്കരാർ പുതുക്കാൻ അധികൃതർ വിസമ്മതിച്ചതുമൂലം അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന വാർത്ത വന്നതും ദിവസങ്ങൾക്കു മുന്പാണ്. ജമ്മു-ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905ൽ ആരംഭിച്ച സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും അതിനോടനുബന്ധിച്ചുള്ള ആശുപത്രിയുമാണ് ഒരു നൂറ്റാണ്ടു പിന്നിട്ട നിസ്വാർഥ സേവനത്തിനൊടുവിൽ അവഹേളിക്കപ്പെട്ടത്. 4000 വിദ്യാർഥികളും ആശുപത്രിയിലുൾപ്പെടെ 390 ജീവനക്കാരുമുള്ള സ്ഥാപനം പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 10 പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവിന്റെ പരാതിയിലാണ് നടപടി. ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്നത് ഉൾപ്പെടെ എത്രയെത്ര കേസുകളിലാണ് നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ടത്. പാക്കിസ്ഥാനിൽ ക്രൈസ്തവരെയും ഹിന്ദുക്കളെയും കുടുക്കാൻ മതനിന്ദക്കേസ് ദുരുപയോഗിക്കുന്നതിന്റെ ഇന്ത്യൻ പതിപ്പായി മാറുകയാണ് നിർബന്ധിത മതപരിവർത്തനം. ഇന്ത്യ എങ്ങോട്ടാണ് പരിവർത്തനം ചെയ്യപ്പെടുന്നത്?
വിദ്വേഷപ്രസംഗങ്ങളും മൗലികവാദ നീക്കങ്ങളും, രാജ്യത്തിനും ഭരണഘടനയ്ക്കും സവിശേഷമായ ബഹുസ്വരതയ്ക്കും മതേതരത്വത്തിനുംമേൽ ആശങ്കയുണ്ടാക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആശങ്ക അസ്ഥാനത്തല്ലെന്ന് ഉറപ്പാക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സംഘപരിവാറിന്റെ നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ പതിറ്റാണ്ടുകൾ പിന്നിടുന്പോഴും ക്രൈസ്തവരുടെ ജനസംഖ്യ രാജ്യത്തു വർധിക്കുന്നില്ല. 2.3 ശതമാനം മാത്രം വരുന്നൊരു മതസമൂഹമാണ് ദിവസവും രണ്ട് ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞതുപോലെ ക്രൈസ്തവരുടെ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കാൻ ഹിന്ദുത്വയ്ക്ക് അത്ര വിഷമമൊന്നുമില്ല. കെട്ടിപ്പടുക്കുന്നതിന്റെ ത്യാഗവും ക്ലേശവുമൊന്നും നശിപ്പിക്കാൻ ആവശ്യമില്ലല്ലോ. നിർബന്ധിത മതപരിവർത്തനമല്ല, സ്നേഹത്തിന്റെയും നന്മയുടെയും അച്ചടക്കത്തിന്റെയും പരിശീലനമാണ് കാഷ്മീരിലും ആസാമിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും മണിപ്പുരിലും മധ്യപ്രദേശിലും കർണാടകത്തിലും ഉൾപ്പെടെ രാജ്യത്തെവിടെയും ക്രൈസ്തവ സ്ഥാപനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയല്ലെന്ന് ആ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ബിജെപി നേതാക്കളും മക്കളും നെഞ്ചത്തു കൈവച്ചു പറയട്ടെ.
മതേതരത്വത്തിന്റെ വക്താക്കളായി പ്രസംഗിക്കുകയും വെറുപ്പിന്റെ ഭാണ്ഡക്കെട്ടുകളുമായി പരിവാരങ്ങളെ അഴിച്ചുവിടുകയും ചെയ്യുന്ന രാഷ്ട്രീയം ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. ഇപ്പോൾ വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും ഭീഷണിപ്പെടുത്തലും ബിജെപി നേതാക്കൾ നേരിട്ടു നടത്തുകയാണ്. ഇത് അപകടമാണ്. ക്രൈസ്തവർക്കെതിരേയുള്ള വിദ്വേഷ പരാമർശത്തിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണം രാജ്യത്തിന്റെ ആശങ്ക നിഴലിക്കുന്നതാണ്.
ഹിറ്റ്ലർ നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ ഫലമാണ് ജൂതന്മാരുടെ വംശഹത്യയെന്നാണ് കോടതി പറഞ്ഞത്. ഇതിൽ കൂടുതൽ ഒരു മുന്നറിയിപ്പും ആർക്കും നൽകാനില്ല. നാസിസമെന്ന ഏറ്റവും നികൃഷ്ടമായ പ്രത്യയശാസ്ത്രത്തോടു സാമ്യപ്പെടുത്താൻ തക്കവിധം അണ്ണാമലൈയെപ്പോലുള്ളവരുടെ പരാമർശം കാരണമായെങ്കിൽ നാം ഇങ്ങനെ മുന്നോട്ടു പോകരുതെന്ന മുന്നറിയിപ്പാണത്.
ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഈ രാജ്യത്തിന്റെ ഉന്നമനത്തിനായി ആതുര-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവർ വർഗീയവാദികൾക്കു വേട്ടയാടാനുള്ള രണ്ടാംതരം പൗരന്മാരല്ല. അങ്ങനെ സ്ഥാപിക്കാനുള്ള ശ്രമങ്ങളും വിചാരധാരകളും തടയാൻ രാജ്യത്തിനാകെ കഴിയണം. കേന്ദ്രസർക്കാർ തങ്ങളുടെ ചുമതല നിർവഹിക്കണം. അല്ലെങ്കിൽ ആത്മാവ് നഷ്ടമായൊരു രാജ്യമായിരിക്കും നമുക്കു ബാക്കിയുണ്ടാകുക.