നിയമസഭയിൽ തൂക്കണം, എൽദോസിന്റെ നക്ഷത്രം
Thursday, December 19, 2024 12:00 AM IST
വനം-വന്യജീവി സംരക്ഷണം പോലുള്ള മനുഷ്യവിരുദ്ധ-കിരാത നിയമങ്ങളെ നിലനിർത്തിക്കൊണ്ട്, എല്ലാം പരിഹരിക്കപ്പെടുമെന്ന് നുണ പറയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളേ വരൂ, ഈ തെരുവുകളിലെ രക്തം കാണൂ. ബുദ്ധിയില്ലാത്ത വന്യജീവികളല്ല, ബുദ്ധിയും മനുഷ്യത്വവുമില്ലാത്ത നിങ്ങൾ ചവിട്ടിയരച്ച മനുഷ്യശരീരങ്ങൾ കാണൂ!
കഴിഞ്ഞദിവസം, കോതമംഗലം കുട്ടന്‍പുഴയിൽ ആന ചവിട്ടിക്കൊന്ന എൽദോസിന്റെ സഞ്ചിയിൽ ഒരു നക്ഷത്രവും ക്രിസ്മസ് കേക്കുമുണ്ടായിരുന്നു. ആ രക്തതാരകം സെക്രട്ടേറിയറ്റിൽ തൂക്കണം. കേക്ക് മുറിച്ച് മന്ത്രിമാർക്കും എംഎൽഎമാർക്കും കൊടുക്കണം. ബാക്കിയുള്ളത്, മനുഷ്യർക്കു മരണവാറണ്ടായി മാറിയ 1971ലെ വനം-വന്യജീവിസംരക്ഷണ നിയമത്തിന് ഒരു പോറലുമേൽക്കാതെ സംരക്ഷിക്കുന്ന പാർലമെന്റിൽ വിളന്പട്ടെ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടന്പുഴ ഉരുളൻതണ്ണിയിൽ എൽദോസ് വർഗീസ് കൊല്ലപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ അദ്ദേഹം എട്ടു മണിയോടെ ഉരുളൻതണ്ണിയിൽ കെഎസ്ആർടിസി ബസിൽനിന്നിറങ്ങി വീട്ടിലേക്കുള്ള വെളിച്ചമില്ലാത്ത വഴിയിലൂടെ അര കിലോമീറ്റർ നടന്നപ്പോഴേക്കും ആനയുടെ മുന്നിൽ പെട്ടു. കുത്തിയും ചവിട്ടിയും വലിച്ചെറിഞ്ഞും ആന എൽദോസിനെ കൊന്നു.
മൃതദേഹം തിരിച്ചറിയാൻപോലും വയ്യാത്തത്ര തകർക്കപ്പെട്ടിരുന്നു. കൃഷിയെല്ലാം വന്യജീവികൾ നശിപ്പിക്കുന്നതിനാൽ ഉപജീവനം തേടിയാണ്് അയാൾ സെക്യൂരിറ്റി ജീവനക്കാരനായത്. ഒരു മാസത്തിനുശേഷമാണ് 10 ദിവസത്തെ അവധിയെടുത്ത് എൽദോസ് വീട്ടിലേക്കു പുറപ്പെട്ടത്. ആന ആരെയോ ചവിട്ടിക്കൊന്നെന്ന് അറിഞ്ഞപ്പോഴും വർഗീസ് കരുതിയില്ല അതു തന്റെ മകനായിരിക്കുമെന്ന്.
ക്രിസ്മസ് സമ്മാനങ്ങളുമായി അപ്രതീക്ഷിതമായി വീട്ടിലെത്തി അപ്പനെയും അമ്മയെയും സഹോദരിയെയും അന്പരപ്പിക്കാനുള്ള ആ യാത്ര പൂർത്തിയായില്ല. മൃതദേഹത്തിനടുത്തുനിന്ന് നാട്ടുകാരെടുത്തു വീട്ടിൽ ഏൽപ്പിച്ച സഞ്ചിയിൽ പച്ചക്കറി കൂടാതെ ഒരു നക്ഷത്രവും ക്രിസ്മസ് കേക്കും പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളുമുണ്ടായിരുന്നു.
ആ നക്ഷത്രം ഇനിയെവിടെ തൂക്കും? ആ ക്രിസ്മസ് കേക്കിൽനിന്ന് ഒരു കഷണമെങ്കിലും അവർക്കു രുചിക്കാനാകുമോ? എൽദോസിനും അയാളെപ്പോലെ നൂറുകണക്കിനു മനുഷ്യർക്കും കൊലച്ചോറ് ഒരുക്കിയ ഭരണകൂടങ്ങൾക്ക് കൊടുക്കണം ആ പാവപ്പെട്ടവന്റെ നഷ്ടസ്വപ്നങ്ങളുടെ സഞ്ചി.
വനംമന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽവച്ച കണക്കനുസരിച്ച്, ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016നും 2023നും ഇടയിൽ, എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്.
ഇക്കൊല്ലത്തെ കണക്ക് വരുന്നതേയുള്ളു. എട്ടു വർഷത്തിനിടെ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായി. 7,492 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പലരുടെയും ജീവിതം പൂർണമായും കിടക്കയിലാണ്. 909 പേർ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. ആയിരക്കണക്കിന് ഏക്കറിലെ കൃഷി വന്യജീവികൾ നശിപ്പിച്ചു.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ മാത്രം 1,844 വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ കൊന്നുതിന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിച്ചു. വീടുകളും കന്നുകാലിക്കൂടുകളും തകർത്തു. എങ്ങനെയാണ് വനാതിർത്തികളിലെ മനുഷ്യർ ഇനി ജീവിക്കേണ്ടത്? ആനയും കാട്ടുപന്നിയും കുരങ്ങുകളും മലയണ്ണാനും നശിപ്പിക്കുന്ന കൃഷിയിടങ്ങളിൽ ഇനിയെന്തിനാണ് കർഷകർ കൃഷിയിറക്കേണ്ടത്? വില തന്ന് ഞങ്ങളുടെ കൃഷിയിടങ്ങൾ ഏറ്റെടുത്തുകൊള്ളൂ എന്നാണ് എൽദോസിന്റെ നാട്ടുകാർ ഉൾപ്പെടെ കേരളത്തിലെ നിരവധി കർഷകർ വനം വകുപ്പിനോടു പറയുന്നത്.
അതെ, വനം വകുപ്പിന്റെ ദുഷ്ടലാക്ക് ലക്ഷ്യം കാണുകയാണ്. ജനത്തെ കുടിയിറക്കി നാടു വനമാക്കുക! സർക്കാരുകൾ സന്പൂർണ തോൽവിയായിരിക്കുന്നു. കേരളവും കർഷകവിരുദ്ധ സംസ്ഥാനമായിക്കഴിഞ്ഞു. പ്രകൃതിക്ഷോഭങ്ങളും സർക്കാരിന്റെ കെടുകാര്യസ്ഥതയും വിളകളുടെ വിലയിടിവും വളത്തിന്റെയും കീടനാശിനികളുടെയും വിലക്കയറ്റവും എല്ലാത്തിലുമുപരി വന്യജീവി ആക്രമണവും കൃഷിയെ ഏതാണ്ട് അസാധ്യമാക്കിയിരിക്കുന്നു.
2014നോ 2016നോ മുന്‍പ് എല്ലാം ശുഭമായിരുന്നു എന്നല്ല. അതിനു മുന്‍പുണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിക്കേൽപ്പിച്ച കാർഷികമേഖലയ്ക്ക് നിങ്ങൾ ശവക്കുഴിയെടുത്തിരിക്കുന്നു. മനുഷ്യർ സ്വന്തം നിലയിൽ ജാഗ്രത പുലർത്തുന്നതുകൊണ്ടാണ് വന്യജീവി ആക്രമണങ്ങളിൽ മരണസംഖ്യ വാനോളം ഉയരാത്തത്. പലയിടത്തും കുട്ടികളെ മാതാപിതാക്കൾ സ്കൂളിൽ കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരികയുമാണ്.
സന്ധ്യമയങ്ങിയാൽ ആളുകൾ പുറത്തിറങ്ങുന്നില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് മനുഷ്യ-വന്യജീവി സംഘർഷമെന്നത്. എൽദോസും ദിവസങ്ങൾക്കു മുന്‍പ് വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ തൃശൂരിൽ ആന ചവിട്ടിക്കൊന്ന ആദിവാസി സ്ത്രീ മീനാക്ഷിയുമൊക്കെ ആനയോട് എന്തു ബലപ്രയോഗമാണ് നടത്തിയത്. വന്യജീവികൾ കൊല്ലുന്നതിലേറെയും സ്വന്തം ആവാസകേന്ദ്രങ്ങളിൽ കഴിയുന്ന മനുഷ്യരെയാണ്.
ഇതിനൊരു പരിഹാരമില്ലേ? ഉണ്ട്, ലോകത്തെ പരിഷ്കൃത രാജ്യങ്ങളെല്ലാം പെറ്റുപെരുകി നാട്ടിലിറങ്ങുന്ന മൃഗങ്ങളെ നായാടാനും ഭക്ഷിക്കാനും മനുഷ്യർക്ക് അധികാരം കൊടുക്കും. മറ്റൊരു പോംവഴിയുമില്ല. ഇന്ത്യയിൽ 1971ൽ പാസാക്കിയ ഒരു വനം വന്യജീവി നിയമമുണ്ട്. എത്ര മനുഷ്യരെ കൊന്നാലും വന്യജീവിയെ കൊല്ലാൻ നൂറു നടപടിക്രമങ്ങളാണ്.
അത് അന്നത്തെ സാഹചര്യത്തിൽ രൂപപ്പെടുത്തിയതാണെന്നും കാലാനുസൃതമായി മാറ്റേണ്ടതാണെന്നും ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഇതുവരെ മനസിലായിട്ടില്ല. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അവയെ കൊല്ലാനും തിന്നാനും അനുവദിക്കണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിനും പറയേണ്ടിവന്നിരിക്കുന്നു.
ഈ നിയമം മാറ്റാതെതന്നെ വന്യജീവി ആക്രമണം തടയാമെന്ന കേന്ദ്രസർക്കാരിന്റെ വായ്ത്താരി തുടരുന്നതിനിടെ നാടാകെ ചോരപ്പുഴയൊഴുകുകയാണ്. വല്ലപ്പോഴും ഒരു നിവേദനവും കൊടുത്ത് പ്രസ്താവനയുമിറക്കി സംസ്ഥാന സർക്കാരും കൈമലർത്തി. സർവ സുരക്ഷാസന്നാഹങ്ങളുമുള്ള തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ മന്ത്രിമന്ദിരങ്ങളിലോ കോടതിവളപ്പുകളിലോ വന്യജീവികൾ എത്തില്ലല്ലോ. അവരുടെ മക്കളെ അനാഥരാക്കില്ലല്ലോ. സ്വന്തം കുടുംബാംഗങ്ങളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ കാണേണ്ടിവരില്ലല്ലോ. പിന്നെന്തിനു നിയമം മാറ്റണം!
എൽദോസിനെ കൊന്ന ആനകൾ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പ്രദേശത്തു ചുറ്റിത്തിരിയുന്നതു പലരും കാണുകയും ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തതാണ്. എന്തു പ്രയോജനം! വനംവകുപ്പും മന്ത്രിയും 1961ലെ വനനിയമം പുതുക്കി ജനജീവിതം ദുഃസഹമാക്കുന്നതിന്റെ പണിപ്പുരയിലാണ്. കാടിന്റെ പരിസരത്തു കാലുകുത്തുന്നവന്റെ തലയെടുക്കാനുള്ള വകുപ്പുണ്ടാക്കുകയാണ്.
കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതിരുന്ന ദുഃഖാർത്തരായ സ്നേഹിതരോട് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കൈ കൂപ്പി അപേക്ഷിച്ചത് ഇങ്ങനെയാണ്: “പ്രിയപ്പെട്ട എല്‍ദോ അവര്‍കള്‍ ഇവിടെ മരിച്ചുകിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു മൃതദേഹം വച്ചാണോ നിങ്ങള്‍ ചര്‍ച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്.
ഞാന്‍ കൈകൂപ്പി നിങ്ങളോട് അപേക്ഷിക്കുന്നു, ഞാൻ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊള്ളാം, ആ മൃതദേഹം എടുക്കാന്‍ അനുവദിക്കണം.” കണ്ണീർ തുടച്ചും വിങ്ങലടക്കിയും ആ മനുഷ്യർ മാറിനിന്നു. കളക്ടറുടെ പ്രതിബദ്ധതയെങ്കിലും നമ്മുടെ സർക്കാരുകൾക്ക് ഉണ്ടായിരുന്നെങ്കിൽ!
1950ൽ നെരൂദ എഴുതിയതുപോലെ:
“വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം...”
അതേ, പാവങ്ങൾക്ക് പണിയെടുക്കാനോ ഭക്ഷിക്കാനോ സമാധാനമായി ഉറങ്ങാനോ ആയുസെത്തി മരിക്കാനോ കഴിയുന്നില്ല; അവർ കൊല്ലപ്പെടുകയാണ്. 1971ലെ വനം-വന്യജീവി നിയമങ്ങൾ നിലനിർത്തുകയും അതേസമയം, വന്യജീവി ആക്രമണം തടയുമെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളേ, നിങ്ങൾ രമ്യഹർമങ്ങളിൽനിന്നു പുറത്തുവരൂ, ഈ തെരുവുകളിലെ രക്തം കാണൂ.
എൽദോസിന്റെയും ലക്ഷ്മിയുടെയും മറ്റ് ആയിരങ്ങളുടെയും തകർക്കപ്പെട്ട അസ്ഥികൾ കാണൂ, വലിച്ചുകീറപ്പെട്ട മാംസം കാണൂ, ഈ തെരുവുകളിലെ ചോരപ്പുഴകൾ കാണൂ.