പതിനാറാം ധന കമ്മീഷൻ കേരളത്തോട് നീതി കാട്ടണം
Thursday, December 12, 2024 12:00 AM IST
രാജ്യത്തിന്റെ പൊതുവരുമാനത്തിൽനിന്ന് കേരളത്തിന് അർഹമായത് കിട്ടുകതന്നെ വേണം. അത് രാഷ്ട്രീയത്തിന്റെ പേരിൽ തടയാൻ ശ്രമമുണ്ടാകരുത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസഹായം കൂടിയേ തീരൂ. അതിനുള്ള പരിഗണനാവിഷയങ്ങളിൽ രാഷ്ട്രീയം കടന്നുവരരുത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ജീവിതനിലവാരത്തിലും ഭൂപ്രകൃതിയിലും ജനസാന്ദ്രതയിലുമെല്ലാം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാണ് കേരളത്തിന്റെ സാഹചര്യം. നിലവിൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. കേന്ദ്രസർക്കാർ സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും കടമെടുപ്പിനു പോലും അനുവദിക്കുന്നില്ലെന്നും കേരളം പരാതിപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുകൾ വരെയുണ്ടായി. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലും കോഴിക്കോട്ടെ വിലങ്ങാട്ടുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പോലും കേന്ദ്രം വേണ്ടവിധം സഹായിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു.
അതിനിടെയാണ് ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകമ്മീഷൻ കേരളത്തിൽ ചർച്ചകൾക്കായി എത്തിയത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെല്ലാം കമ്മീഷനുമായി ചർച്ചകൾ നടത്തി വിശദമായ നിവേദനങ്ങളും നൽകി. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾക്ക് കമ്മീഷൻ എത്രമാത്രം പരിഗണന നൽകുമെന്നാണ് ഇനി അറിയേണ്ടത്. രാജ്യത്തിന്റെ പൊതുവരുമാനത്തിൽനിന്ന് കേരളത്തിന് അർഹമായത് കിട്ടുകതന്നെ വേണം. അത് രാഷ്ട്രീയത്തിന്റെ പേരിൽ തടയാൻ ശ്രമമുണ്ടാകരുത്.
രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്കു നീതിയുക്തമായി ലഭ്യമാക്കുന്നതിനുള്ള ഭരണഘടനാ സംവിധാനമാണ് ധന കമ്മീഷൻ. ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതല, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്. ഇത്തരത്തിലുള്ള പതിനാറാമത് കമ്മീഷനാണ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള പതിനഞ്ചാം ധന കമ്മീഷന്റെ പല ശിപാർശകളും മാനദണ്ഡങ്ങളും കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കിട്ടുന്നതിന് തടസം നിൽക്കുന്നവയാണ്.
പതിനഞ്ചാം ധന കമ്മീഷൻ ശിപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്ര നികുതിവിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്രസർക്കാർ വലിയതോതിൽ സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 75 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി. ഇത്തരം ശിപാർശകളിൽ ഒരു പൊളിച്ചഴുത്താണ് സംസ്ഥാനം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. 2026 ഏപ്രിൽ ഒന്നുമുതലാണ് പതിനാറാം കമ്മീഷന്റെ ശിപാർശ പ്രകാരമുള്ള ധനവിഹിതങ്ങൾ ലഭ്യമായിത്തുടങ്ങുക.
രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതോടെ നികുതിവരുമാനത്തിൽ കേന്ദ്രത്തിന് മേൽക്കൈ ഉണ്ടായി. ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാനനഷ്ടം വരുത്തുന്നു. ഇതുകൂടി പരിഹരിക്കാൻ വിഭജിക്കാവുന്ന കേന്ദ്രനികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുമേഖലാ കമ്പനികളുടെ ലാഭവിഹിതം, സ്പെക്ട്രം വില്പന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങി കേന്ദ്രസർക്കാരിന് വരുമാനത്തിന് ധാരാളം വഴികളുണ്ട്. ഇത്തരം നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധനവിഭവങ്ങളിൽ ഉൾപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുന്നു. ഫെഡറൽ സംവിധാനത്തിൽ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന കാഴ്ചപ്പാടാണ് നിലനിൽക്കേണ്ടത്.
പ്രകൃതിദുരന്തങ്ങളുടെ ആഘാതം വലിയ തോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇത്തരം ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 2010 - 2015 കാലയളവിനെ അപേക്ഷിച്ച് 2018-24 കാലയളവിൽ 4,273 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടി വന്നുവെന്ന് കമ്മീഷനെ സർക്കാർ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 25 ഇരട്ടി അധികബാധ്യതയാണുണ്ടായത്. അടിയന്തര ദുരന്തപ്രതികരണ പ്രവർത്തനങ്ങളുടെ ചെലവുകൾ നാല്പത് മടങ്ങിലേറെ ഉയർന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്രവിഹിതം നൂറ് ശതമാനം ഉയർത്തണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീരദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കടൽനിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയിൽ 55 ശതമാനവും വനമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 1,898 പേർ എന്നതാണ് കേരളത്തിലെ ജനസാന്ദ്രത. 2036 ആകുമ്പോഴേക്കും കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. 2011ലെ 42 ലക്ഷത്തിൽനിന്ന് 2036ൽ 84 ലക്ഷത്തിലേക്ക് എത്തും.
ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യു ചെലവ് വലിയ തോതിൽ ഉയർത്താവുന്ന ഘടകങ്ങളാണെന്നും അതിനാൽ ധനവിഹിതത്തിനുള്ള മാനദണ്ഡങ്ങളിൽ ഇതെല്ലാം പരിഗണിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം ന്യായമാണ്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസഹായം കൂടിയേ തീരൂ. അതിനുള്ള പരിഗണനാവിഷയങ്ങളിൽ രാഷ്ട്രീയം കടന്നുവരരുത്. രാഷ്ട്രീയത്തിനതീതമായി തീരുമാനങ്ങളെടുക്കാൻ ധന കമ്മീഷനു കഴിയണം.