മന്ത്രി മാത്രമല്ല, ഉത്തരവാദികളെല്ലാം തല താഴ്ത്തണം
Friday, December 13, 2024 12:00 AM IST
റോഡപകടങ്ങളിൽ രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേരാണ് മരിക്കുന്നത്. റോഡ് നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണെങ്കിലും അവ പാലിക്കാതെയുള്ള സമൂഹത്തിന്റെ പെരുമാറ്റമാണ് ഇത്രയധികം ജീവനുകൾ റോഡിൽ പൊലിയാൻ കാരണം.
ഒരു വേദന തീരും മുമ്പേ മറ്റൊന്ന് എന്ന കണക്കിലായിരിക്കുന്നു വാഹനാപകടത്തിന്റെ ദുരന്തവാർത്തകൾ. തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നിരുന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികളടക്കം അഞ്ചുപേർ മരിച്ചത് നവംബർ 26ന്.
ഡിസംബർ രണ്ടിനാണ് ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ പിന്നീടും മരിച്ചത്. ഇന്നലെയിതാ പാലക്കാട് പനയമ്പാടത്തുനിന്നാണ് കരളലിയിക്കുന്ന വാർത്ത.
ലോറി പാഞ്ഞുകയറി എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാലുപേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. അതിനിടെ, ഇന്നലെ കോയമ്പത്തൂരിലുണ്ടായ അപകടത്തിൽ രണ്ടുമാസം പ്രായമായ ചോരക്കുഞ്ഞുൾപ്പെടെ തിരുവല്ല ഇരവിപേരൂർ സ്വദേശികളായ മൂന്നുപേരും മരിച്ചു. റോഡിലിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണോ ഈ പോക്ക്?
രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പാർലമെന്റിൽ പ്രസ്താവന നടത്തി മണിക്കൂറുകൾക്കകമായിരുന്നു പാലക്കാട് പനയമ്പാടത്തെ അപകടം. രാജ്യത്തെ റോഡപകടങ്ങളുടെ ഭീകരാവസ്ഥ മന്ത്രിയുടെ പ്രസ്താവനയിലുണ്ടായിരുന്നു.
റോഡപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിംഗുകൾക്കു പോകുമ്പോൾ താൻ മുഖം താഴ്ത്തി ഇരിക്കുകയാണ് ചെയ്യാറെന്നു മന്ത്രി പറയുകയുണ്ടായി. രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്.
മരിക്കുന്നവരിൽ 60 ശതമാനവും 18നും 34നും ഇടയിൽ പ്രായമുള്ളവരാണെന്നും മന്ത്രി അറിയിച്ചു. രാജ്യം അതീവഗൗരവമായി ചിന്തിക്കേണ്ട വിഷയമായി റോഡപകടങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. റോഡപകടങ്ങൾ കുറയ്ക്കാനുള്ള പരിശ്രമങ്ങളൊന്നും ഫലം കാണുന്നില്ല എന്നതും കാണാതെപോകരുത്.
താൻ ഗതാഗതമന്ത്രിയായി ചുമതലയേറ്റപ്പോൾ റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടതെന്നും അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, അപകടങ്ങൾ വർധിക്കുകയാണെന്നുമുള്ള നിതിൻ ഗഡ്കരിയുടെ തുറന്നുപറച്ചിലും ഇക്കാര്യം അടിവരയിടുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പനയമ്പാടം സ്ഥിരം അപകടമേഖലയാണ്. കല്ലടിക്കോടിനും തച്ചന്പാറയ്ക്കുമിടയിൽ 50ൽ അധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് മുഖ്യകാരണമെന്നുമാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിന്റെ പരിണതഫലമാണ് നാലു കുരുന്നുകളുടെ ജീവൻ പൊലിയാൻ ഇടയാക്കിയത് എന്ന നാട്ടുകാരുടെ ആരോപണത്തിൽ കഴമ്പുണ്ട്.
കടുത്ത പ്രതിഷേധമാണ് ഇന്നലെ ഇവർ പ്രകടിപ്പിച്ചത്. പനയമ്പാടം അടക്കം ദേശീയപാതകളിലെയും സംസ്ഥാനത്തെ പ്രധാന റോഡുകളിലെയും അപകടമേഖലകൾ മാർക്ക് ചെയ്ത് കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
വ്യക്തമായ ബോർഡുകൾ സ്ഥാപിക്കുകയും അതിൽ വാഹനങ്ങൾ വേഗം കുറയ്ക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ രേഖപ്പെടുത്തുകയും വേണം. കൂടാതെ, റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും നടപടിയുണ്ടാകണം.
കളർകോട്ടുണ്ടായ അപകടത്തിൽ, അനുവദനീയമായതിൽ കൂടുതൽ പേർ വാഹനത്തിൽ കയറിയതാണ് അപകടത്തിന്റെ രൂക്ഷത കൂട്ടിയതെങ്കിൽ, നാട്ടികയിൽ മദ്യപിച്ചു ലക്കുകെട്ട ഡ്രൈറായിരുന്നു വില്ലൻ. പനയമ്പാടത്തെ അപകടത്തിന്റെ കാരണങ്ങൾ വ്യക്തമായിവരുന്നതേയുള്ളൂ.
ഇന്ത്യക്കാർ സ്വന്തം രാജ്യത്ത് പൊതുവിൽ റോഡ് നിയമങ്ങളനുസരിക്കാൻ വിമുഖതയുള്ളവരാണ്. എന്നാൽ, നിയമങ്ങൾ കർശനമായ രാജ്യങ്ങളിലെത്തിയാൽ അതനുസരിക്കാൻ യാതൊരു മടിയുമില്ല. രാജ്യത്തു റോഡപകടങ്ങൾ പെരുകുന്നതിന്റെ മുഖ്യകാരണവും ഇതാണ്.
റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള സമൂഹത്തിന്റെ പെരുമാറ്റമാണ് ഇത്രയധികം ജീവനുകൾ റോഡിൽ പൊലിയാൻ കാരണമെന്ന് മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്ത് വാഹനം ഓടിക്കാനുള്ള ലൈസൻസ് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇത് കൂടുതൽ കർശനമാക്കണമെന്നും റോഡ് നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണെന്നുമുള്ള നിതിൻ ഗഡ്കരിയുടെ വാക്കുകളും യാഥാർഥ്യം ഉൾക്കൊള്ളുന്നതാണ്.
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്സ് പല രാജ്യങ്ങളും അംഗീകരിക്കാത്തതിന്റെ കാരണങ്ങളും വിശദമായി പരിശോധിക്കപ്പെടണം. കർക്കശമായ പരീക്ഷകളിലും പരിശോധനകളിലും വിജയിക്കുന്നവർക്കേ ലൈസൻസ് നൽകേണ്ടതുള്ളൂ.
റോഡുകളുടെ നിർമാണത്തിലെ സാങ്കേതിക പിഴവുകൾ പലയിടങ്ങളിലും പരിഹരിച്ചു വരുന്നുണ്ടെന്നും ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അത് പരിഹരിക്കാൻ 4,000 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയും പ്രതീക്ഷ നൽകുന്നതാണ്. ഇക്കാര്യങ്ങളൊക്കെ പ്രസ്താവനകളിലൊതുങ്ങരുതെന്നു മാത്രം.