സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു
Saturday, December 21, 2024 12:00 AM IST
പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദി കെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല.
“കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നും പോകാമല്ലോ!” പൊതുവഴി അടച്ച് സ്റ്റേജ് കെട്ടി വഞ്ചിയൂരിൽ പാർട്ടി സമ്മേളനം നടത്തിയതിനെക്കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ മാരക ന്യായീകരണം. കുന്നംകുളത്തു നടന്ന സിപിഎം പൊതുസമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ ഈ തികഞ്ഞ പരാജയഭാഷ്യം.
അതായത്, ഞങ്ങൾ ചില തോന്ന്യാസങ്ങളൊക്കെ കാണിക്കും, നിങ്ങൾ പൊതുജനം വേണമെങ്കിൽ സഹിക്കുകയോ മരിക്കുകയോ ഒക്കെ ചെയ്താട്ടെ! എന്തൊരു ധാർഷ്ട്യമാണിത്? മാടന്പിത്തരത്തിന്റെ മാസ്റ്റർ പീസ്.
പൊതുജനസേവകൻ എന്ന അടിക്കുറിപ്പ് സ്വന്തം പേരിന്റെ കൂടെ കൂട്ടിക്കെട്ടിക്കൊണ്ടു നടക്കുന്നവർതന്നെ പൊതുമര്യാദപോലും ചവിട്ടിക്കൂട്ടി നടുറോഡിലെറിയുന്ന കാഴ്ച! രാഷ്ട്രീയക്കാരന്റെ മേലങ്കി ചിലരൊക്കെ അലങ്കാരത്തിന് ധരിക്കുന്നതാകാം, ആയിക്കോട്ടെ! പക്ഷേ, ആ മേലങ്കി അഹങ്കാരത്തിനു കാരണമായാൽ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല.
പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദി കെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണെന്നും, നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസിൽ തപ്പിത്തടയുകയാണെന്നു പറയേണ്ടിവരും.
തീർന്നില്ല, പോളിറ്റ് ബ്യൂറോ മെംബറുടെ പരിഹാസം. റോഡിൽ പൊതുയോഗം വച്ചതിനു സുപ്രീംകോടതിയിൽ പോകുകയാണ്. വലിയ പബ്ലിസിറ്റി കിട്ടും. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാമില്ലേ? എല്ലാവരുംകൂടി കാറിൽ പോകാതെ നടന്നുപോകാമല്ലോ. കാറുള്ളവർ കാറിൽ പോകുന്നതുപോലെതന്നെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണം. സോഷ്യലിസം വരുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
കാറുള്ളവർ കാറിൽ പോകുന്നതുപോലെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണമെന്നു പറഞ്ഞ വിജയരാഘവൻ അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞുപോകുന്ന സെൽഫ് ഗോൾ തന്നെയാണ് പാർട്ടിയുടെ ഗോൾപോസ്റ്റിൽ അടിച്ചുകയറ്റിയിരിക്കുന്നത്.
പാവങ്ങളുടെ പാർട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാർട്ടിയിൽ കാറില്ലാത്ത എത്ര നേതാക്കളുണ്ട്? കുന്നംകുളത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ സഖാവ് വിജയരാഘവൻ നടന്നാണോ വന്നത്? വലിയ സന്പന്നരായതുകൊണ്ട് കാർ വാങ്ങുന്നവരാണോ നിങ്ങളുടെ പാർട്ടിയിലുള്ളവരെല്ലാം? കാറിൽ പോകുന്നവരെല്ലാം വിനോദയാത്രയ്ക്കു പോകുന്നവരാണെന്നാണ് ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതെന്നു തോന്നുന്നു!
രാഷ്ട്രീയക്കാർ വഴിയടച്ചപ്പോൾ കുരുങ്ങിയ കാറുകളിൽ ജീവൻ കൈയിൽ പിടിച്ച് ആശുപത്രിയിലേക്കു പായുന്നവരുണ്ടാകും, മക്കളെ സ്കൂളിൽനിന്നു വിളിക്കാൻ ഇറങ്ങിയവരുണ്ടാകും, അത്യാവശ്യ ജോലികൾക്കും ആവശ്യങ്ങൾക്കും ഇറങ്ങിത്തിരിച്ചവരുണ്ടാകും... നിങ്ങൾക്ക് വഴിയിൽ വേദി കെട്ടി പ്രസംഗിക്കണമെന്നതുകൊണ്ട് ഇവരൊക്കെ കാറെടുത്തു തലയിൽ വച്ചുകൊണ്ട് നടന്നുപോകണമെന്നാണോ സഖാവ് ഉപദേശിക്കുന്നത്? അല്ലെങ്കിൽത്തന്നെ നടന്നുപോയി മാത്രം പരിഹരിക്കാവുന്നവയാണോ ഇന്നത്തെ മനുഷ്യരുടെ നിത്യജീവിത വ്യാപാരങ്ങൾ?
ജീപ്പും കാറും ആംബുലൻസും ഫയർഫോഴ്സുമൊക്കെയായി 25 വാഹനങ്ങളുടെയെങ്കിലും അകന്പടിയോടെ നാട്ടുകാരെ ചിതറിച്ചു പായുന്ന സ്വന്തം നേതാവ് ഭരിക്കുന്ന നാട്ടിൽ ഇത്തരം പ്രസ്താവനകൾ ഇറക്കിവിടാൻ വിജയരാഘവനെപ്പോലെയുള്ളവർക്ക് ലജ്ജ തോന്നുന്നില്ല എന്നതാണ് പല രാഷ്ട്രീയക്കാരുടെയും പ്രവർത്തന ‘മൂലധനം’.
അധികാരത്തിന്റെ ചെങ്കോൽ നിങ്ങൾക്കു ജനങ്ങൾ സമ്മാനിക്കുന്നതാണ്. അതിനു പാർട്ടിയുടെ നിറം പൂശിയാൽ ഏതു നടുറോഡിലും നാട്ടാമെന്നു കരുതുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അരിക്കു വില കൂടുകയാണല്ലോയെന്നു ചോദിച്ചപ്പോൾ, “നിങ്ങൾക്കു പാൽ കുടിച്ചുകൂടേ” എന്നു മറുപടി പറഞ്ഞ് പരിഹാസ്യനായ മന്ത്രിയും മുന്പ് ഈ നാട്ടിലുണ്ടായിരുന്നു.
അരിക്കു പകരമാകില്ല പാൽ എന്നും, വഴിക്കു പകരമാകില്ല വാറോലകളെന്നും രാഷ്ട്രീയക്കാരെ വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടിവരുന്നത് കഷ്ടംതന്നെ. പ്രിയ സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞിട്ട് കാലം കുറേയായി.