മാതനും ചുണ്ടമ്മയും ചൂണ്ടിക്കാണിക്കുന്നത്
Wednesday, December 18, 2024 12:00 AM IST
മധുവിനെ തല്ലിക്കൊന്ന ദിവസമാണ് കേരളത്തിന് സവർണ-വംശീയ വിരുദ്ധതയുടെ വ്യാജ അവകാശവാദങ്ങളെ ഉപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴിതാ ഉത്തരേന്ത്യയെ ചൂണ്ടിക്കാട്ടിയുള്ള പുരോഗമന വാദങ്ങളെ, തെരുവിൽ വലിച്ചിഴയ്ക്കുകയും ഭരണപരാജയങ്ങളുടെ ഓട്ടോറിക്ഷയിൽ തിക്കിക്കയറ്റി അടക്കാൻ കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു.
കുറ്റവാളികൾ കാറിൽ കുരുക്കിയിട്ടു റോഡിലൂടെ വലിച്ചിഴച്ച മാതനും പായയിൽ പൊതിഞ്ഞ് കാലുകൾ പുറത്തിട്ട് ഓട്ടോറിക്ഷയിൽ അന്ത്യയാത്ര ചെയ്ത ചുണ്ടമ്മയും ചൂണ്ടിക്കാണിക്കുന്നത് ഏതാനും കുറ്റവാളികളെ മാത്രമല്ല, അവരെ സൃഷ്ടിച്ച സമൂഹത്തെയും ആ സമൂഹനിർമിതിയിൽ മുഖ്യ പങ്കുവഹിച്ച രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളെയുമാണ്.
സമൂഹത്തെയും സർക്കാരിനെയും അറസ്റ്റ് ചെയ്യാനാവില്ലെങ്കിലും കുറ്റം നിലനിൽക്കും. മാതനെ പീഡിപ്പിച്ചവരെയും ചുണ്ടമ്മയുടെ മൃതദേഹത്തെ അപമാനിച്ചവരെയും വെറുതേ വിടരുത്. അത് അവർക്കെങ്കിലും താക്കീതാകും. പക്ഷേ, മധുവിനെയും വിശ്വാഥനെയും മാതനെയും ചുണ്ടമ്മയെയും കൈകാര്യം ചെയ്ത സമൂഹത്തിൽനിന്നു പുതിയ കുറ്റവാളികളെത്തും.
അതൊഴിവാക്കാൻ, അപരിഷ്കൃതവും മനുഷ്യവിരുദ്ധവും അക്രമോത്സുകവുമായ വംശീയ-സവർണ മനോഭാവത്തെ ഉന്മൂലനം ചെയ്യണം. അതിനുള്ള വഴി പാർലമെന്റും നിയമസഭകളും പാർട്ടി കാര്യാലയങ്ങളും വിദ്യാലയങ്ങളും കടന്നു മാത്രമേ അട്ടപ്പാടിയിലും മാനന്തവാടിയിലും രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തുകയുള്ളൂ.
മാനന്തവാടി പയ്യംപള്ളി കൂടൽകടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. പിന്നീടതിൽ നാട്ടുകാർക്കും ഇടപെടേണ്ടിവന്നു. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞതിനെ തുടർന്നാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴച്ചത്. റോഡിലുരഞ്ഞ് രക്തവും മാംസവും നഷ്ടപ്പെട്ട മാതൻ ചികിത്സയിലാണ്. മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ അറസ്റ്റിലായി. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവർക്കെതിരേയും കേസെടുത്തു. പ്രതികൾ മദ്യപാനികളോ മയക്കുമരുന്ന് അടിമകളോ ആണോയെന്നത് കുറ്റകൃത്യത്തിന്റെ സ്വഭാവം മാറ്റില്ല.
ആദിവാസിയായ മാതനോട് കാണിച്ചതിനു സമാനമായ ക്രൂരത അവർ മുന്പ് കാണിച്ചിട്ടുണ്ടോ? മാതന്റെ സ്ഥാനത്തു മറ്റൊരാളായിരുന്നെങ്കിൽ പട്ടാപ്പകൽ കാറിൽ തൂക്കിയിട്ടു വലിക്കാൻ അവർ ധൈര്യപ്പെടുമായിരുന്നോ? സവർണ-അവർണ വ്യത്യാസമില്ലാതെ കേരളം കുറ്റവാളികൾക്കെതിരേ പ്രതികരിച്ചു എന്നതു യാഥാർഥ്യമാണ്. അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ടു തല്ലിക്കൊന്നപ്പോഴും ഈ ധാർമികരോഷം കേരളത്തിനുണ്ടായി. പക്ഷേ, മനഃപരിവർത്തനം ഉണ്ടായില്ല.
2018 ഫെബ്രുവരി 22ന് വിശന്നു വയറൊട്ടിയ മധുവിന്റെ ദൈന്യമാർന്ന മുഖം കണ്ട അതേ സമൂഹത്തിലെ അംഗങ്ങൾ 2023 ഫെബ്രുവരിയിൽ മോഷണക്കുറ്റമാരോപിച്ച് വിശ്വനാഥനെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തിയെന്ന റിപ്പോർട്ട് വന്നു. വിശ്വനാഥൻ തൂങ്ങിമരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വിശ്വനാഥനെ ആൾക്കൂട്ട വിചാരണ നടത്തിയതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ആൾക്കൂട്ടം ചോദ്യം ചെയ്ത ദിവസം രാത്രിയിൽ വിശ്വനാഥൻ മൂന്നു തവണ പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചിരുന്നു. കുഞ്ഞിനെ കാണാൻ കാത്തിരിക്കവേ മോഷണക്കുറ്റം ആരോപിക്കപ്പെട്ട അയാൾക്ക് പോലീസിൽനിന്ന് എന്തു സഹായമാണ് വേണ്ടിയിരുന്നതെന്ന് അറിയില്ല; ഇനി അറിയുകയുമില്ല. മധുവിന്റെ കേസിൽ പ്രതികൾക്കെതിരേ മൊഴികൊടുക്കാനെത്തിയവർ ഒന്നിനു പിറകേ ഒന്നായി കൂറുമാറിയതും പ്രോസിക്യൂട്ടർമാർ പിന്മാറിയതും ഇടനിലക്കാർ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതും കേരളം കണ്ടു. അതേ സമൂഹത്തിൽനിന്നെത്തിയവരാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
അതേദിവസം, മാനന്തവാടിയിൽതന്നെ ആദിവാസിയായ ചുണ്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നു. ഞായറാഴ്ച രാത്രി 7.30നാണ് ചുണ്ടമ്മ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സംസ്കാരം നിശ്ചയിച്ചു. ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വേണമെന്ന് പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പക്ഷേ, സമയം കഴിഞ്ഞ് ഏറെ കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. സ്വകാര്യ ആംബുലൻസ് വിളിച്ചാൽ പണം കൊടുക്കാനുള്ള ശേഷി ചുണ്ടമ്മയുടെ കുടുംബത്തിനില്ല.
ഒടുവിൽ മൂന്നരയോടെ പായയിൽ പൊതിഞ്ഞ മൃതദേഹം ഒരു ഓട്ടോയുടെ പിൻസീറ്റിൽ രണ്ടു പേരുടെ മടിയിൽ കിടത്തി ശ്മശാനത്തിലെത്തിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ട്രൈബൽ പ്രമോട്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പേരിന് എന്തെങ്കിലുമൊക്കെ നടപടി ഉണ്ടാകുമെന്നല്ലാതെ നാളെയും ഇതു സംഭവിക്കില്ലെന്ന് ഉറപ്പില്ല. മധുവും വിശ്വനാഥനും മാതനും ചുണ്ടമ്മയും മാത്രമല്ല, നൂറുകണക്കിന് ആദിവാസികളും ദളിതരും വംശീയ-സവർണ മനോഭാവത്തിന് ദിവസവും രാജ്യത്ത് ഇരകളാകുന്നുണ്ട്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടേതുൾപ്പെടെ സകല കണക്കുകളും ആദിവാസികൾക്കും ദളിതർക്കുമെതിരേ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നു വെളിപ്പെടുത്തുന്നു.
വംശീയതയും വർണവെറിയും ഇല്ലാതാക്കാൻ ശ്രമിക്കേണ്ട സർക്കാരുകൾ അതിനു ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, തിരുത്തലിന്റെ സാധ്യതകളെയും ഇല്ലാതാക്കുകയാണ്. പാഠപുസ്തകങ്ങളിൽനിന്നു ദളിതരെയും ആദിവാസികളെയും കുറിച്ചുള്ളതും സവർണബോധത്തെ വെളിപ്പെടുത്തുന്നതുമായ നിരവധി പാഠഭാഗങ്ങൾ സ്കൂൾ, കോളജ് തലത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം ഒഴിവാക്കി. പാർട്ടി ഏതായാലും ഉത്തര-ദക്ഷിണ വ്യത്യാസമില്ലാതെ സകല സംസ്ഥാനങ്ങളിലും ദളിതർക്കും ആദിവാസികൾക്കുമെതിരേയുള്ള ക്രൂരതകൾ തുടരുകയാണ്.
തല്ലിക്കൊന്നും ആട്ടിപ്പായിച്ചും മുഖത്തു മൂത്രമൊഴിച്ചുമൊക്കെ മതഭേദമില്ലാതെ അപരിഷ്കൃതരായ സവർണർ നാടുവാഴുകയാണ്. സഹായിക്കാനെത്തുന്ന സ്റ്റാൻ സ്വാമിയെപ്പോലെയുള്ളവരെയും വച്ചുപൊറുപ്പിക്കില്ല. അതായത്, 1947ൽ രാജ്യത്ത് എന്തു സംഭവിച്ചെന്നു തിരിച്ചറിയാൻ ആദിവാസികൾക്കും ദളിതർക്കും ഈ നിമിഷംവരെ അവസരം കിട്ടിയിട്ടില്ല. അവർക്കിപ്പോഴും ഇത് അനീതിയുടെയും അടിമത്തത്തിന്റെയും ഊരുകളും ചേരികളുമാണ്.
പുരോഗതിക്കു വിദ്യാലയങ്ങളിൽ തുടക്കമിടണം. തുല്യതയിലും വംശീയ-സവർണവിരുദ്ധതയിലും അടിസ്ഥാനമാക്കി കരിക്കുലം അടിമുടി മാറ്റണം. സവർണ രാഷ്ട്രീയം പിടിമുറുക്കിയ സർക്കാർ സംവിധാനങ്ങളിൽ തിരുത്തലുകളുണ്ടാകണം. നിയമസംവിധാനങ്ങൾ കർക്കശമാകണം. തുല്യത സാധ്യമാണ്, അടുത്ത തലമുറയിലെങ്കിലും.