കൊല്ലരുത് !
‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന പ്രതികാര നടപടിയുടെ മറ്റൊരു പതിപ്പല്ലേ വധശിക്ഷയിലും പ്രതിഫലിക്കുന്നത്? തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവച്ചോ വെടിവച്ചോ കൊന്നാലും അതിന ു മാറ്റമുണ്ടാകില്ലല്ലോ. വധശിക്ഷയുമായ ബന്ധപ്പെട്ട ചർച്ചകൾ കാലാനുസൃതവും കൂടുതൽ മനുഷ്യത്വപരവുമാകണം.
കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പാക്കുന്നത് ക്രൂരമായതിനാൽ മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്നതാണ് കോടതിയുടെ ആവശ്യം. പക്ഷേ, എങ്ങനെ വധിക്കുമെന്നല്ല, വധശിക്ഷതന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചല്ലേ ഏതൊരു പരിഷ്കൃതസമൂഹവും ചർച്ച ചെയ്യേണ്ടതെന്ന ചോദ്യവുമുണ്ട്. ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന പ്രതികാരനടപടിയുടെ മറ്റൊരു പതിപ്പല്ലേ വധശിക്ഷയിലും പ്രതിഫലിക്കുന്നത്? തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവച്ചോ വെടിവച്ചോ കൊന്നാലും അതിന ു മാറ്റമുണ്ടാകില്ലല്ലോ. വധശിക്ഷയുമായ ബന്ധപ്പെട്ട ചർച്ചകൾ കാലാനുസൃതവും കൂടുതൽ മനുഷ്യത്വപരവുമാകണം.
വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാന്യമായ മാർഗം വേണമെന്നാവശ്യപ്പെട്ട് ഋഷി മൽഹോത്ര എന്ന അഭിഭാഷകൻ 2017ൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. സുപ്രീംകോടതി കേന്ദ്രസർക്കാരിനു നോട്ടീസ് നൽകിയിരുന്നെങ്കിലും 2018 ജനുവരിയിൽ നിലവിലുള്ള ശിക്ഷാരീതിയെ ന്യായീകരിച്ചു സത്യവാങ്മൂലം സമർപ്പിക്കുകയാണു ചെയ്തത്. പക്ഷേ, കേസ് പിന്നീടു പരിഗണിക്കാനുള്ള തീയതി ലിസ്റ്റ് ചെയ്തിരുന്നില്ല. അഞ്ചു വർഷത്തിനു ശേഷമാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കുന്നത്. വെടിവയ്പ്, വിഷം കുത്തിവയ്പ്, വൈദ്യുതിക്കസേര എന്നീ മാർഗങ്ങളും ഹർജിയിൽ നിർദേശിച്ചിരുന്നു. പക്ഷേ, ഏതെങ്കിലുമൊരു ശിക്ഷാരീതി ശിപാർശ ചെയ്യാനാവില്ലെന്നും തൂക്കിലേറ്റിയുള്ള വധശിക്ഷയെക്കുറിച്ചു വിശദപഠനത്തിന് വിദ്ഗധസമതിയെ നിയോഗിക്കാൻ സന്നദ്ധമാണെന്നുമാണ് കോടതി പറഞ്ഞത്. തൂക്കിക്കൊലയുമായി ബന്ധപ്പെട്ട പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ചു കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിക്കു നിർദേശം നൽകിയ കോടതി, മേയ് രണ്ടിനു തുടർവാദം കേൾക്കും.
അത്യന്തം നികൃഷ്ടവും ക്രൂരവുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചു പറയുന്പോൾ ഇത്തരക്കാരെ തൂക്കിലേറ്റണമെന്നു ജനങ്ങൾ പ്രതികരിക്കാറുണ്ട്. ഇരകളോടുള്ള സഹതാപവും കുറ്റവാളിയോടുള്ള വെറുപ്പുമാണ് അതിൽ പ്രതിഫലിക്കുന്നത്. കുറ്റവാളി ചെയ്ത കൃത്യത്തിന്റെ ഭയാനകതയെക്കുറിച്ചുള്ള ചിന്ത സമൂഹത്തിൽ നിലനിൽക്കുന്ന കാലത്തോളം അത്തരം പ്രതികരണം മനുഷ്യസഹജവുമായിരിക്കാം. പക്ഷേ, അതിൽ പ്രാകൃതകാലം മുതൽ മനുഷ്യവംശത്തിൽ പലപ്പോഴും പ്രകടമായിട്ടുള്ള പകരം വീട്ടലിന്റെ മനോഭാവമുണ്ടെന്നത് അവഗണിക്കാനാവില്ല.
“കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’’ എന്നത് ക്രിസ്തുവിന് 1750 വർഷം മുന്പു ജീവിച്ചിരുന്ന ബാബിലോണിയൻ ചക്രവർത്തിയായിരുന്ന ഹമ്മുറാബിയുടെ ശിക്ഷാനിയമത്തിൽ പറഞ്ഞിരുന്ന കാര്യമാണ്. അപൂർവങ്ങളിൽ അപൂർവമായ സാഹചര്യത്തിൽ മാത്രം നമ്മുടെ നിയമം അനുശാസിക്കുന്ന വധശിക്ഷയെ അതുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും രണ്ടിലും സമാനമായുള്ള പ്രതികാരത്തിന്റെയും പകരംവീട്ടലിന്റെയും മനോഭാവത്തെ കണ്ടില്ലെന്നു നടിക്കാനുമാകില്ല.
വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കാണ് ഏറ്റവും വേദന കുറവുള്ളതെന്നു പറയാറുണ്ടെങ്കിലും വേദനയില്ലാത്ത വധശിക്ഷയില്ല. മനുഷ്യത്വമില്ലാത്തവരോട് മനുഷ്യത്വം കാണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിലും നിഴലിക്കുന്നത് പകരത്തിനു പകരം എന്ന മനോഭാവമാണ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം ചെയ്യുന്നവരെ ജീവിതകാലം മുഴുവൻ തടവിലിടുന്നതുൾപ്പെടെയുള്ള ശിക്ഷാരീതികളാണ് അവലംബിക്കാവുന്നത്.
85 രാജ്യങ്ങൾ വധശിക്ഷ അവസാനിപ്പിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതൽ ആളുകളെ വധശിക്ഷയ്ക്കു വിധേയമാക്കുന്നത് കമ്യൂണിസ്റ്റ് രാജ്യമായ ചൈനയാണ്. ഉത്തരകൊറിയയും ഇറാനും സൗദി അറേബ്യയും സോമാലിയയുമൊക്കെ പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളാണ്. മറ്റുള്ളവർക്കു പാഠമാകാനാണ് പരസ്യ വധശിക്ഷയെന്നു ന്യായീകരിക്കാറുണ്ട്. അതേസമയം, അതു കാണുന്നവരിലുണ്ടാകുന്ന മാനസികാഘാതങ്ങൾ ഇത്തരം പ്രാകൃത രീതികൾ പിന്തുടരുന്നവർ ചിന്തിക്കാറുമില്ല. നടപ്പാക്കുന്നത് പരസ്യമായിട്ടാണെങ്കിലും രഹസ്യമായിട്ടാണെങ്കിലും വധശിക്ഷ കുട്ടികളിലും പ്രതികാരചിന്തയില്ലാത്ത മനുഷ്യരിലുമുണ്ടാക്കുന്ന ആഘാതങ്ങളും പരിഗണിക്കേണ്ടതാണ്.
അമേരിക്കൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഷെയ്ൻ ക്ലെയ്ബോണിന്റെ വാക്കുകൾ പ്രസക്തമാണ്: “വധശിക്ഷാവിരുദ്ധമാകുന്നത് ഇരയ്ക്കോ നിയമത്തിനോ വിരുദ്ധമല്ല. അക്രമാസക്തമായ കുറ്റകൃത്യങ്ങളെ അക്രമാസക്തിയെ പ്രതിഫലിപ്പിച്ചുകൊണ്ടോ മറ്റൊരു ജീവനെടുത്തുകൊണ്ടോ കൈകാര്യം ചെയ്യില്ലെന്നു നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്.’’ അതേ, വധശിക്ഷ നിർത്തലാക്കിയാലും കുറ്റവാളി രക്ഷപ്പെടുന്നില്ല. ശിക്ഷയും മനുഷ്യത്വവും ഒരേപോലെ ഉറപ്പാക്കാനാകുകയും ചെയ്യും. അതല്ലേ, ഇന്ത്യയും ചെയ്യേണ്ടത്?