ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജിയണൽ കൺവൻഷൻ 28, 29, 30 എന്നീ തീയതികളിൽ യഥാക്രമം എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്), ബഥനി മാർത്തോമ്മാ പള്ളി (ഓറഞ്ച് ബർഗ്), ലോംഗ് ഐലൻഡ് മാർത്തോമ്മാ പള്ളി (മെറിക്ക്) എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു.
മാർത്തോമ്മാ സഭയിലെ വികാരി ജനറൽ റവ. കെ. വൈ. ജേക്കബ് മുഖ്യ പ്രസംഗകനായിരിക്കും. കൺവൻഷൻ യോഗത്തിന്റെ ഉദ്ഘാടനം ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും.
കൺവൻഷന്റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള നാൽപതംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
റവ. വി.ടി. തോമസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോർജ് ഏബ്രഹാം(ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവൻഷന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നുണ്ട്.
|