ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂടെ പരിഹരിക്കുക എന്നതാണ് ചൊല്ലിന്റെ പൊരുൾ. എന്നാൽ, ഈ ചൊല്ലിനു പിന്നിൽ രസകരമായ ഒരു ഗ്രീക്ക് കഥയുണ്ട്. സംഭവം പുരാതന ഫ്രിജിയ (ഇപ്പോഴത്തെ ടർക്കി)യിലെ ഗോർഡിയം എന്ന സ്ഥലത്താണ്. കഥയുടെ ആദ്യ ഭാഗം നടന്നത് ക്രിസ്തുവിന് വളരെ നൂറ്റാണ്ടുകൾക്കു മുന്പ്. അവിടെ മുൻ രാജകുടുംബത്തിലെ അംഗമാണെങ്കിലും വളരെ പാവപ്പെട്ട, ഗോർഡിയാസ് എന്ന കൃഷിക്കാരൻ പാർത്തിരുന്നു.
ഒരു ദിവസം ഗോർഡിയാസ് പട്ടണത്തിലേക്കു പോകുന്പോൾ ഒരു കഴുകൻ അദ്ദേഹത്തിന്റെ കാളവണ്ടിയിൽ വന്നിരുന്നു. വണ്ടിയുടെ ചാട്ടങ്ങളും ചരിവുകളുമൊന്നും കഴുകനെ അലട്ടിയില്ല. അത് ഇളകുന്ന വണ്ടിയിൽത്തന്നെ ഇരുന്നു. ഈ ലക്ഷണം കണ്ടപ്പോൾ ഗോർഡിയാസിന് തനിക്കൊരു രാജാവാകാനുളള സാധ്യത ഉണ്ടെന്നു തോന്നി.
അദ്ദേഹം നേരേ കാളവണ്ടിയുമായി ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ ഭവനത്തിലേക്കു പോയി. അവർ അദ്ദേഹത്തോടു നീയൊരു രാജാവാകുമെന്നും അതിനായി സേയൂസ് ദേവനു ബലിയർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗോർഡിയാസ് അങ്ങനെ ചെയ്തു. ആ സമയത്തു ഫ്രിജിയക്കാർക്കു രാജാവില്ലായിരുന്നു. അതേസമയം, ആര് അവരുടെ പട്ടണത്തിലേക്ക് ഒരു കാളവണ്ടിയിൽ എത്തുമോ അയാൾ അവരുടെ രാജാവാകുമെന്ന പ്രവചനം ഉണ്ടായിരുന്നു.
രാജാവ് കാളവണ്ടിയിൽ
അങ്ങനെ ഇരിക്കുന്പോഴാണ് ഗോർഡിയാസ് തന്റെ കാളവണ്ടിയിൽ പട്ടണത്തിൽ പ്രവേശിച്ചത്. ഗോർഡിയാസിനെ പാവപ്പെട്ട കർഷകനാണെന്നു കരുതാതെ നാട്ടുകാർ ഫ്രിജിയയുടെ രാജാവാക്കി. വന്നുകയറിയ പട്ടണം അതിന്റെ തലസ്ഥാനവുമാക്കി. ആപട്ടണത്തിനു ഗോർഡിയം എന്ന പേരും നൽകി. ഈ കാളവണ്ടിയെ പട്ടണമധ്യത്തിലെ ക്ഷേത്രനടയിൽ ഒരു പോസ്റ്റിൽ പലകയറുകൾ പിരിച്ചുകെട്ടി.
കയറുകളുടെ അഗ്രങ്ങൾ കാണാത്ത വിധം ഒരിക്കലും അഴിക്കാൻ പറ്റാത്തവിധമാണ് കെട്ടിയത്. പിന്നീട് ഒരു പ്രവചനം ആ നാട്ടിൽ പരന്നു. ആര് ഈ കെട്ട് അഴിക്കുന്നുവോ അയാൾ ആ നാടിന്റെയും ഏഷ്യയുടെയും ചക്രവർത്തിയാകുമെന്നായിരുന്നു പ്രവചനം. കാലം കടന്നുപോയി. പലരും ഈ കെട്ട് അഴിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
കെട്ട് അഴിച്ച വിധം
ആ കാലഘട്ടത്തിൽ ഗ്രീക്ക് രാജാവായിരുന്ന അലക്സാണ്ടർ ബിസി 333ൽ പടിഞ്ഞാറുനിന്ന് ഓരോ രാജ്യവും കീഴടക്കി ഗോർഡിയത്തിലും എത്തി. പട്ടണത്തിൽ പ്രവേശിച്ച അലക്സാണ്ടർ കാളവണ്ടിക്കെട്ടിന്റെ കഥ അറിഞ്ഞു. എന്തിനെയും കീഴടക്കാൻ തത്പരനായ അലക്സാണ്ടർ ഒരു കൈ നോക്കാൻ ശ്രമിച്ചു. കെട്ടഴിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.
എന്നാൽ, അതു നടക്കില്ലെന്നു മനസിലാക്കിയ അലക്സാണ്ടർ ചുറ്റും നോക്കി. എന്നിട്ട് തന്റെ ഉറയിലിരുന്ന വാൾ ഊരി കെട്ടിനിട്ട് ഒറ്റവെട്ട്. അതു രണ്ടായി പിളർന്നു കെട്ട് മുറിഞ്ഞു. ഇരുപതിനായിരം കാലാൾ പടയാളികളും മറ്റു പട്ടാളക്കൂട്ടവുമായി നിൽക്കുന്ന അലക്സാണ്ടറെ ആരും ചോദ്യം ചെയ്തില്ല. എല്ലാവരും ആർപ്പുവിളിച്ചുകൊണ്ട് കെട്ടഴിച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ, ഈ കഥയ്ക്കു മറ്റൊരു ഭാഷ്യം കൂടി ഉണ്ട്. അതിങ്ങനെ: അലക്സാണ്ടർ നുകത്തിന്റെ വശത്തുളള ആണി അടിച്ചൂരി കെട്ടിന്റെ അഗ്രങ്ങൾ പുറത്തെടുത്തു വളരെ ശ്രമകരമായി ആ കെട്ട് അഴിച്ചെടുത്തു എന്നതാണ്. എന്നാൽ, ഈ ഭാഷ്യത്തിനു വലിയ അംഗീകാരമില്ല. എന്തായാലും ഈ കഥയുടെ ഗുണപാഠം ഒരു പ്രശ്നത്തെ അതിന്റെ ഉളളിൽനിന്നു പരിഹരിക്കാനാവാതെ വരുന്പോൾ പുറത്തുനിന്നുളള മാർഗങ്ങൾ അവലംബിക്കുക എന്നതാണ്.
അദ്ദേഹം പിന്നീട് ജൈത്രയാത്ര ചെയ്ത് ഏതാണ്ട് ഏഷ്യ മുഴുവൻ കീഴടക്കി. ജിബ്രാൾട്ടർ മുതൽ പഞ്ചാബ് വരെ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ സാന്പത്തികമായും സാംസ്കാരികമായും ബന്ധിതമായ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു. ഇതു പിന്നീട് വന്ന റോമാസാമ്രാജ്യത്തിന്റെയും ക്രിസ്തുമത വളർച്ചയുടെയും ഒരു നിശബ്ദ സഹായിയായി എന്നു കരുതുന്നവരും ഉണ്ട്.
ടോം മാത്യു കായിത്ര