വിഷ മിശ്രിതം വേണ്ട, ഫയറിംഗ് സ്ക്വാഡ് മതി; വധശിക്ഷ നടപ്പാക്കാൻ: പ്രതികൾ
Wednesday, January 12, 2022 2:06 PM IST
ഒക്‌ലഹോമ: വധശിക്ഷയും കാത്ത് ജയിലിൽ കഴിയുന്ന പ്രതികൾ, ശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും പകരം ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് ഏറെ ശ്രദ്ധേയമായി. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളാണ് ഒക്‌ലഹോമ ഫെഡറൽ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

ഡൊണാൾഡ് ട്രന്‍റ്, ഗിൽബർട്ട് പോസ്റ്റിലി എന്നീ പ്രതികളാണ് തങ്ങളുടെ വക്കീൽ മുഖാന്തരം കോടതിയിൽ ‌അപേക്ഷ നൽകിയത്. വിഷമശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ അനുവദിക്കരുതെന്നും ഇവർ അപേക്ഷയിൽ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച ജഡ്ജി, ഈ ആഴ്ച അവസാനം തീരുമാനമുണ്ടാകുമെന്ന് പ്രതികളെ അറിയിച്ചു.

ഒക്‌ലഹോമയിൽ ഇതുവരെ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും എന്നാൽ കോടതിവിധി എന്തായാലും നടപ്പാക്കാൻ ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻ നടപടി സ്വീകരിക്കണമെന്നും ഡിപ്പാർട്ട്മെന്‍റ് വക്താവ് ജാഷ് വാർഡ് പറഞ്ഞു.

2014 ൽ വിഷമിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടിക്കാട്ടി നിർത്തൽ ചെയ്തിരുന്നത് 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഈ വധശിക്ഷയും പ്രതിയുടെ മരണം ഭീകരമാക്കിമാറ്റിയിരുന്നു.

പി.പി. ചെറിയാൻ