നിയോഗം പൂർത്തിയാക്കി, സംതൃപ്തിയോടെ പടിയിറക്കം
Tuesday, January 11, 2022 7:31 PM IST
ന്യു യോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ചിൽ 2019, 2020 , 2021 വർഷങ്ങളിലെ ട്രസ്റ്റിമാരായി സേവനം പൂർത്തിയാക്കിയ ജോസഫ് കടംതോട്ട് , ജിജോ ആന്റണി, ആനി ചാക്കോ, നിർമല ജോസഫ് എന്നിവർ പുതിയ ഭാരവാഹികളെ ചുമതല ഏൽപ്പിച്ച് തികഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങി .

സക്കറിയ വടകര, ജിബിൻ മാത്യു, ബീന പറമ്പി, റാണി തോമസ് എന്നീ ട്രസ്ടിമാർക്കൊപ്പം 25 അംഗങ്ങളുള്ള ഒരു പാരിഷ് കൗൺസിൽ ആയിരിക്കും അടുത്ത രണ്ടുവര്ഷങ്ങളിൽ വികാരി ഫാ. റാഫേൽ അമ്പാടനൊപ്പം ദേവാലയത്തിന്‍റെ പ്രവർത്തനങ്ങളിൽ ഉണ്ടാകുക.

ആദ്യകാലംമുതൽ പലരുടെയും ത്യാഗോജ്വലമായ സേവനത്താൽ ഈ ദേവാലയത്തിനുണ്ടായ ഉയർച്ചക്ക്, പ്രത്യേകിച്ചും സ്വന്തമായി ദേവാലയം വാങ്ങാൻ സാധിച്ചു എന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഒരു ദൈവനിയോഗമായി സ്ഥാനമൊഴിയുന്ന ട്രസ്റ്റിമാർ കരുതുന്നു.

2019 ജനുവരിയിൽ ഫാ. തദ്ദേവൂസ് അരവിന്ദത്തിന്‍റേയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും ഒപ്പം സെന്‍റ് മേരീസ് മിഷനിൽ ഇവർ പ്രവർത്തനം ആരംഭിച്ചു. തുടർന്നു വികാരി ഫാ. റാഫേൽ അമ്പാടനൊപ്പം പ്രവർത്തിച്ച് 2021 ഡിസംബറിൽ ചാരിതാർഥ്യത്തോടെ പടി ഇറങ്ങുന്നത് ഹോളി ഫാമിലി പാരിഷ് എന്ന സ്വന്തം ദേവാലയത്തിൽ നിന്നും.

കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായുള്ള ഇടവക ജനങ്ങളുടെ സ്വപ്നവും പ്രയത്നവും സാദ്ധ്യമായതിൽ പങ്കുവഹിക്കാനായി എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. 2019 ന്‍റെ അവസാനം മുതൽ ലോകത്തെയാകമാനം നടുക്കിയ കോവിഡ് രോഗവ്യാപനം ദേവാലയത്തിന്‍റെ പല പ്രവർത്തനങ്ങൾക്കും കാലതാമസം വരുത്തി. ഈ പ്രത്യേക സാഹചര്യത്തിൽ ട്രസ്റ്റിമാരുടെ കാലാവധി ഒരുവർഷം കൂടി നീട്ടുകയുണ്ടായി. CCD ക്ലാസുകൾ ഓൺലൈൻ ആക്കി. സമയാസമയങ്ങളിൽ നടത്തേണ്ടുന്ന പല ആചാര ആഘോഷ പരിപാടികളും നീട്ടിവയ്ക്കേണ്ടിവന്നു.

ന്യൂയോർക്ക് ആർച്ച് ഡയോസിസിൽനിന്നും ഈ ദേവാലയം സ്വന്തമായി വാങ്ങാനുള്ള ശ്രമത്തിന് കാലതാമസം നേരിട്ടു. എങ്കിലും കോവിഡിന്റെ ദുരിതദിനങ്ങളിലും വികാരി ഫാ. റാഫേൽ അമ്പാടൻ, ദിവസവും പള്ളിയിൽ ദിവ്യബലിയർപ്പിച്ചു. ആ ദിവ്യബലി ലൈവ് സ്ട്രീം വഴി ഇടവക അംഗങ്ങളിലേക്ക് എത്തിക്കയും ചെയ്തു. എല്ലാ ബുദ്ധിമുട്ടുകൾക്കും ദുരിതങ്ങൾക്കുമിടയിലും ദൈവാനുഗ്രഹത്താൽ ഇടവകാംഗങ്ങൾ എല്ലാവരും സുരക്ഷിതരായിരുന്നു.

ഒരു സമൂഹത്തിന്‍റെ ആത്മീയ വളർച്ചക്കും പുരോഗതിക്കുമൊപ്പം സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കും ഈ ദേവാലയം ഇടമൊരുക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബസ്ഥർക്കും വിശ്രമജീവിതത്തിലേക്കു കടന്നവർക്കും നിരവധിയായ സാദ്ധ്യതകളാണ് ഈ ദേവാലയവും ഇതിന്‍റെ വിസ്തൃതമായ ഇടങ്ങളും വാഗ്ദാനം ചെയ്യുന്നത്.

തങ്ങളുടെ മൂന്നു വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഇടവകാംഗങ്ങളോടാണ് തങ്ങൾ കടപ്പെട്ടിരിക്കുന്നത്. അവരുടെ സഹകരണവും പ്രോത്സാഹനവും നല്ലവാക്കുകളുമാണ് തങ്ങൾക്ക് മുന്നോട്ടുപോകാൻ ശക്തി തന്നത്. എല്ലാ വിഷയങ്ങളും തുറന്നു ചർച്ച ചെയ്യാനും ഐക്യത്തോടെ പ്രവർത്തിക്കാനും ട്രസ്റ്റിമാർക്കു കഴിഞ്ഞിട്ടുണ്ട്. ഈ ദേവാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാ കമ്മിറ്റികളും ഞങ്ങളോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. ഉപദേശങ്ങളും നിർദേശങ്ങളും നൽകി ഞങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ച എല്ലാവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും അതോടൊപ്പം ഈ ദേവാലയത്തിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഭാവിയിലും തങ്ങളുടെ സഹകരണം വാഗ്ദാനം ചെ‌യ്യുന്നു - നന്ദി പ്രകാശനത്തിൽ ട്രസ്റ്റിമാർ പറഞ്ഞു.

ജോയിച്ചൻ പുതുക്കുളം