മാസ്‌ക് ഇന്നൊവേഷന്‍ ചലഞ്ച് - 500000 ഡോളര്‍ സമ്മാനം, അവസാന തീയതി ഏപ്രില്‍ 21
Sunday, April 11, 2021 4:10 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഗവണ്‍മെന്‍റ് ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ച് മാസ്‌ക് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു.

അമേരിക്കയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 500000 ഡോളര്‍ സമ്മാനം സമ്മാനം ലഭിക്കും. പുതിയ ടെക്‌നോളജി ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുന്നതിനു സൗകര്യപ്രദമായതും, കാര്യക്ഷമവും, ചെലവു കുറഞ്ഞതുമായ മാസ്‌കുകള്‍ ഡിസൈന്‍ ചെയ്യുന്നവരില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക.

ആഗോളാടിസ്ഥാനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടര്‍ന്നും മാസ്‌ക് ധരിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതുയ തരം മാസ്‌കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.

രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികളെ നിര്‍ണയിക്കുക. അദ്യം ഡിസൈനും പിന്നീട് പ്രൂഫ് ഓഫ് കണ്‍സെപ്റ്റും. എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാലും തുടര്‍ന്നും മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വേണ്ടിവരുമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 131 മില്യന്‍ ജനങ്ങളെ വൈറസ് ബാധിച്ചുകഴിഞ്ഞിട്ടുണ്ടെന്നും, 2.85 മില്യന്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 31 മുതല്‍ ആരംഭിച്ച മാസ്‌ക് ഇന്നവേഷന്‍ ചലഞ്ചില്‍ ഏപ്രില്‍ 21 വരെ ഡിസൈന്‍ സര്‍പ്പിക്കാം. ബിആര്‍ഡിഎയുടെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. httpps://app.reviewr.com/BRDA/site/BRDAchallenge

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍