ഷോർട്ട് ഫിലിം "ഒരു അമേരിക്കൻ സിനിമാപ്രേമി' ജൂലൈ 10 നു റിലീസ് ചെയ്യും
Thursday, July 9, 2020 7:44 PM IST
ഡാളസ്: അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസികളായ ഡാളസിലെ ഒരു കൂട്ടം മലയാളീ ചെറുപ്പക്കാർ സിനിമാ വ്യവസായത്തെ തകർക്കുന്ന പൈറസിക്കെതിരെ പ്രതികരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന ഒരു ലഘു ചിത്രമാണ് "ഒരു അമേരിക്കൻ സിനിമാ പ്രേമി' എന്ന ഷോർട്ട് ഫിലിം. ജൂലൈ 10 നു (വെള്ളി) രാത്രി 9 നു ചിത്രം റിലീസ് ചെയ്യുന്നതാണന്ന് സംഘാടകർ അറിയിച്ചു.

പൂർവികരായ സിനിമാസ്വാദകർ ചലച്ചിത്രങ്ങൾ തിയേറ്ററിൽ പോയിരുന്നു കണ്ടതുകൊണ്ടാണ് ഇന്നും സിനിമാ വ്യവസായം നിലനിൽക്കുന്നതെന്ന് ചിത്രം ഓർമപ്പെടുത്തുന്നു. ഒരുപാട് പേരുടെ അധ്വാനത്തിന്‍റേയും വിയർപ്പിന്റെയും ഫലമാണ് ഓരോ സിനിമയും. അതുകൊണ്ട് ചലച്ചിത്രങ്ങൾ വില കൊടുത്തു തന്നെ കാണണം എന്ന് ഈ ലഘു ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പറഞ്ഞുവയ്ക്കുന്നു.

ചിത്രത്തിൽ മനുഷ്യർക്ക് പുറമെ ഒരു എലിയും അഭിനയിച്ചിട്ടുണ്ട്. ഗ്രാഫിക്സിന്‍റെ സഹായം ഇല്ലാതെയാണ് എലിയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.


ഫിലിപ്സൺ മുടക്കോടിയിൽ എന്ന നവാഗതനായ സംവിധായകനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കേരൾ ടിവി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ചക്കുങ്കൽ, ഷോൺ തോപ്രത് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

അബ്രഹാം മകിൽ, രാജൻ തോമസ്, ഫിലിപ്‌സൺ മുടക്കോടിയിൽ, മീനു എലിസബത്ത് മാത്യു, ജിജു മുട്ടം, ജേക്കബ് പറമ്പേട്ട്, ജോകുട്ടി തോമസ്, നിതിൻ ടി.വർഗീസ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ഹരിദാസ് തങ്കപ്പൻ, ജ്യോതിക്ക്‌, ബിജീഷ് മാത്യു, ജോമി ഫ്രാൻസിസ്, ജിജി പി.സ്കറിയ, സഞ്ചു മാത്യു തുടങ്ങി ഡാലസിലെ ഒരുപറ്റം ചെറുപ്പക്കാർ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

www.KERAL.TV എന്ന ലിങ്കിൽ വെള്ളിയാഴ്ച രാത്രി 9 മുതൽ ചിത്രം കാണാവുന്നതാണ്.

റിപ്പോർട്ട്: ഷാജി രാമപുരം