പട്ടാള ഉദ്യോഗസ്ഥയുടെ കൊലപാതകം: യുവതി അറസ്റ്റിൽ
Friday, July 3, 2020 5:07 PM IST
ഫോർട്ട്ഹുഡ്: ഫോർട്ട്ഹുഡ് പട്ടാള ക്യാന്പിൽനിന്നും ഏപ്രിൽ 22നു കാണാതായ വനിതാ ഓഫീസർ വനേസ ഗല്ലിയറിന്‍റെ (20) കൊലപാതകവുമായി ബന്ധപ്പെട്ടു ടെക്സസിൽ നിന്നും ഒരു യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

സിസിലി അഗിലാർ (22) ആണ് അറസ്റ്റിലായ യുവതി. ജൂലൈ രണ്ടിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വനേസയുടെ ശരീരം അറുത്തുമാറ്റുന്നതിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഈ ആഴ്ച ആദ്യം വനേസയുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങൾ ഫോർട്ട്ഹുഡിൽ നിന്നും 30 മൈൽ അകലെയുള്ള കില്ലിനിൽ നിന്നും കണ്ടെത്തിയിരുന്നു. വനേസയുടെ വധവുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെന്നു സംശയിക്കുന്ന സഹപ്രവർത്തകൻ ഏരൺ ഡേവിസ് റോബിൻസൻ (20) പോലീസിന്‍റെ പിടിയിൽ അകപ്പെടുമെന്ന് മനസിലാക്കിയതോടെ ജൂലൈ ഒന്നിനു ജീവനൊടുക്കിയിരുന്നു.

റോബിൻസൻ വനേസയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി അഗിലാറിനോടു പറഞ്ഞിരുന്നു. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ അറുത്തു മാറ്റിയാണ് നദിക്കു സമീപം തള്ളിയത്.കണ്ടെത്തിയ ശരീരഭാഗങ്ങൾ ഇതുവരെ ഔദ്യോഗികമായി വനേസയുടേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മുഖം തിരിച്ചറിയാത്തക്കവിധം തല തകർന്നിരുന്നതായും അധികൃതർ വെളിപ്പെടുത്തി.

വനേസെയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ അവർ മരിച്ചുവെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുകയാണ്.

റിപ്പോർട്ട്:പി.പി. ചെറിയാൻ