വിശുദ്ധ തീർഥാടനവും സിഡ്‌നി സിറ്റി ടൂറും: മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു
Wednesday, April 19, 2023 6:13 AM IST
ഷിനോയ് മഞ്ഞാങ്കൽ
മെൽബൺ: ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്‍റെ കബറിടത്തിങ്കലേയ്ക്ക് സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ തീർഥാടനവും സിഡ്‌നി സിറ്റി ടൂറും, മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പായ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചാണ് ഈ തീർഥാടനം സംഘടിപ്പിച്ചത്.

ക്രെഹിബേണിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ്, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന് ഫ്ലാഗ് കൈമാറി ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു ഇങ്ങനെയൊരു തീർഥാടനം സംഘടിപ്പിച്ചതിൽ ഇടവകാംഗങ്ങളെ അനുമോദിക്കുകയും സുരക്ഷിതമായ ഒരു യാത്രയ്ക്ക് എല്ലാവിധ പ്രാർഥനാശംസകളും മാർ ബോസ്കോ പുത്തൂർ നേരുകയും ചെയ്തു.

ഇടവക സെക്രട്ടറിയും തീർഥാടനം കമ്മിറ്റി കോർഡിനേറ്ററുമായ ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും, മറ്റൊരു കോർഡിനേറ്ററായ ലാൻസ്‌മോൻ വരിക്കാശേരിൽ ന്ദിയുമറിയിച്ചു.