കുരിശിന്‍റെ വഴി; പ്രാർഥനാ നിർഭരരായി മെൽബണിലെ ക്നാനായ യുവജനത
Wednesday, April 5, 2023 12:54 AM IST
ഷിനോയ് സെബാസ്റ്റ്യൻ
മെൽബൺ: മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ യുവജനങ്ങൾക്കായി “കുരിശിന്‍റെ വഴിയേ ഭക്തിനിർഭരമായി നടത്തപ്പെട്ടു.

ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള Our Lady Ta’ Pinu Shrine - ൽ ആണ് കുരിശിന്‍റെ വഴി സംഘടിപ്പിച്ചത്.

ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 11ന് കുരിശിന്‍റെ വഴി ആരംഭിച്ച്, ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണത്തോടുകൂടി കുരിശിന്‍റെ വഴി സമാപിച്ചു.

ക്നാനായ സമുദായത്തിന്‍റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി, യുവാക്കളെ ക്രൈസ്തവവിശ്വാസത്തിലും ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്‍റെ നിണമണിഞ്ഞകാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ഈ നോമ്പുകാലത്ത് ഇങ്ങനെയൊരു കുരിശിന്‍റെ വഴി സംഘടിപ്പിച്ചത്.

സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം , ഇടവകയിലെയൂത്ത് കോർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജിചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട് , മെൽബൺ കെ.സി.വൈ.എൽ പ്രസിഡന്റ് ക്രിസ്റ്റി തോമസ്ചാരംകണ്ടത്തിൽ, ജോയിന്‍റ് സെക്രട്ടറി നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈകുരിശിന്‍റെ വഴി സംഘടിപ്പിച്ചത്.

കുരിശിന്‍റെ വഴിയിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന എല്ലാ യുവജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും, മെയ് 14ന് യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മതേർസ്ഡേയിലും, ജൂലൈ 15ന് യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് ഡേയിലും എല്ലായുവജനങ്ങളുടെയും സാന്നിധ്യസഹകരണങ്ങൾ ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.