മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ
Wednesday, May 18, 2022 4:39 PM IST
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച റോയ്സ്റ്റൺ ടൗൺ കൗൺസിലിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ടൗൺ പാർട്ടി കൗൺലിർ കൂടിയായ മേരി ആന്‍റണി റോയ്സ്റ്റൺ ടൗണിന്‍റെ ചരിത്രത്തിൽ ആദ്യ‌ത്തെ ഏഷ്യൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലുള്ള എല്ലാ കൗൺസിൽ അംഗങ്ങളിൽ നിന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഏകകണ്ഠമായിരുന്നു വോട്ടെടുപ്പ്.

"റോയിസ്റ്റൺ ടൗൺ പാർട്ടിയും മറ്റു കൗൺസിലർമാരും എന്നെ മേയറായി നാമനിർദ്ദേശം ചെയ്തതിനാൽ എനിക്ക് ബഹുമാനവും അംഗീകാരവും തോന്നുന്നു. റോയ്‌സ്റ്റണിലെ ജനങ്ങളെ അവരുടെ മേയറായി സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കാനുള്ള സഹകരണവും സന്നദ്ധതയും എനിക്ക് ആത്മവിശ്വാസം നൽകുന്നു' - മേരി ആന്‍റണി പറഞ്ഞു.

"ഗതാഗതം എല്ലാവർക്കും പ്രാപ്യമാക്കുന്നതും മെഡിക്കൽ സേവനം മെച്ചപ്പെടുത്തുന്നതും എനിക്ക് മുൻഗണന നൽകും. മേയർ എന്ന നിലയിൽ RTP ന് അനുസൃതമായി ഞാൻ ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുകയും ചെയ്യും.' മേരി ആന്‍റണി കൂട്ടിചേർത്തു.

കൊച്ചി പെരുന്പടം സ്വദേശിയായ മേരി ആന്‍റ‌ണി വളർന്നതെല്ലാം മുംബൈയിലാ‌യിരുന്നു. യുകെയിലേക്ക് കുടിയേറുന്നതിനു മുന്പ് മുംബൈയിലും ബറോഡയിലും ടീച്ചറായും. രണ്ടു വർഷം കേരളത്തിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായും ജോലി ചെയ്തിട്ടുണ്ട്.