ഒഐസിസി ഓഷ്യാനയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
Thursday, May 5, 2022 11:32 PM IST
എബി പൊയ്ക്കാട്ടിൽ
തിരുവനന്തപുരം : ഒഐസിസി യുടെ സജീവമായ പ്രവർത്തനത്തിന്‍റെ ഭാഗമായി ഓഷ്യാന രാജ്യങ്ങളിലെ പാർട്ടി അനുഭാവികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവർത്തകരെ ഏകോപിച്ചു കൊണ്ട് ഒഐസിസി ഓഷ്യാനയുടെ പ്രവർത്തനോദ്ഘാടനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവഹിച്ചു.

മലേഷ്യാ, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ, ലൈബീരിയ, റഷ്യ, തുടങ്ങിയ സ്ഥലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കുകയും പാർട്ടി അനുഭാവികളെ ഒഐസിസിയിൽ അംഗങ്ങളാക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി ഒഐസിസി മാറിയെന്നും ചാരിറ്റിയിൽ ഊന്നിയുള്ള പ്രവർത്തനത്തിനു മുൻതൂക്കം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പത്തനാപുരം പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ് .എം .ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുൻ സെക്രട്ടറി പി.മോഹൻരാജ് , ബാബു ജോർജ്, ഒഐസിസി. അമേരിക്കാ പ്രസിഡന്‍റ് ജയിംസ് കൂടൽ, സാമ്യൂഹ്യ പ്രവർത്തക ഡോ. സുനിൽ,പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോനി ജോസഫ് തോട്ടത്തിൽ,യൂത്ത് കോൺഗ്രസ് നേതാവ് ജോമി തോമസ്, അരുൺ മാത്യൂസ് തുടങ്ങിയവരും വിവിധ റീജണിൽ നിന്നുള്ളവരും പങ്കെടുത്തു. ചടങ്ങിന് ആശംസകളറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, ജോസി സെബാസ്റ്റ്യൻ എന്നിവർ ഓഷ്യാന റീജൺ പ്രവർത്തനത്തെ അഭിനന്ദിച്ചു.