കർഷകരുടെ പ്രതിസന്ധിയിൽ സർക്കാർ ഉണ്ടാകും: കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ
Wednesday, March 23, 2022 12:29 PM IST
ന്യൂഡൽഹി: കർഷകരുടെ പ്രതിസന്ധികളിൽ കേന്ദ്ര സർക്കാർ കൂടെയുണ്ടാകുമെന്ന്‌ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഡൽഹിയിൽ കാർഷിക പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്‌ നൽകിയ നിവേദനങ്ങൾ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റബർ കാർഷിക വിളയാക്കി പ്രഖ്യാപിച്ചും 250 രൂപ താങ്ങു വില നൽകുകയും ചെയ്തില്ലെങ്കിൽ കേരളത്തിന്‍റെ മുഖ്യ കൃഷിയായ റബർ കേരളത്തിൽ ഇല്ലായ്മ പെട്ടു പോകുമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ ബിജു പറയന്നിലം കേന്ദ്രമന്ത്രിയോട് പറഞ്ഞു.

എംപിമാരായ തോമസ് ചാഴികാടനും ഡീൻ കുര്യാക്കോസും കേരളത്തിലെ റബർ, എലം, കുരുമുളക് തുടങ്ങിയ മേഖലയിലെ കർഷകർക്ക് ആശ്വാസം ആകുന്ന പദ്ധതികൾ കേന്ദ്ര സർക്കാരിൽ നിന്നു ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ഡോ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്പാദന ചെലവിനു അനുപാതികമായി കർഷകന് കിലോക്ക് 250 രൂപ റബറിനു വില ലഭിക്കണം. കേരളത്തിലെ കർഷകർ വലിയ ജീവിതപ്രതിസന്ധിയിൽ ആണ്‌. കാർഷിക കടം, കൃഷി നാശം, വിലകുറവ്, ഉത്പാദന ചെലവിലെ വർധനവ് തുടങ്ങി നിരവധി പ്രതിസന്ധികളാൽ കൃഷി ഉപേക്ഷിക്കുന്ന കർഷകരെ സഹായിക്കുവാൻ തുറന്ന സമീപനം ആവശ്യമാണ്. 500 രൂപയിൽ താഴെ വിലക്ക് കുരുമുളക് ഇറക്കുമതി ചെയ്യരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഉത്തരവ് ഇറക്കിയെങ്കിലും ഇപ്രകാരം ഉത്തരവ് ഇറക്കുവാൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന് അധികാരം ഇല്ല എന്നു പറഞ്ഞു കേരള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത് കത്തോലിക്കാ കോൺഗ്രസ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

കേന്ദ്ര സർക്കാർ ഉത്തരവിലൂടെ കർഷകർക്ക് അനുകൂലമായി ഇറക്കുമതി നിയന്ത്രണം വരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. കാർഷിക ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി നടത്തുവാൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾക്കു ഷിപ്പ്മെന്‍റ് ചാർജുകളിൽ 50% ഇളവ്‌ നൽകിയും സ്റ്റോറേജ് ഫെസിലിറ്റി നൽകിയും പലിശ രഹിത ലോൺ നൽകിയും കയറ്റുമതി പ്രോത്സാഹിപ്പിക്കണം. കയറ്റുമതിയിലൂടെ മെച്ചപ്പെട്ട വില കർഷകന് ലഭിക്കുവാൻ മികച്ച ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുവാൻ കർഷകരെ പ്രാപ്തരാക്കുന്ന തുടർ പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾക്ക് നൽകി ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കണമെന്നും നിവേദക സംഘം കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ ബിജു പറയന്നിലം, എംപി മാരായ തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സെക്രട്ടറി ജോബി നീണ്ടുകുന്നേൽ തുടങ്ങിയവരും കൂടിക്കാഴചയിൽ പങ്കെടുത്തു.

റെജി നെല്ലിക്കുന്നത്ത്